| Monday, 6th January 2025, 3:35 pm

ആരുടെ മുന്നിലും വ്യക്തിത്വം അടിയറവെക്കാത്ത ആ മഹാനടനാണ് എന്റെ റോള്‍ മോഡല്‍: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മധുവിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോഷി. തൊണ്ണൂറാം വയസിലും ശക്തമായി നില്‍ക്കുന്ന ആളാണ് നടന്‍ മധു എന്ന് ജോഷി പറഞ്ഞു. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാന്‍ തയ്യാറല്ലാത്ത അത്യപൂര്‍വം മനുഷ്യരില്‍ ഒരാളാണ് മധു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തന്റെ ഒരുപാട് സിനിമകളില്‍ മധു മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് ഒരു കഥാപാത്രം തരണമെന്ന് മധു ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ജോഷി പറഞ്ഞു. മധു സത്യസന്ധമായി കാര്യങ്ങള്‍ പറയുമെന്നും അവഗണിക്കേണ്ടവ അവഗണിക്കുമെന്നും അദ്ദേഹം പറയുന്നു.

തന്റെ സിനിമ ജീവിതത്തില്‍ റോള്‍ മോഡലായി കാണുന്നത് മധുവിനെ ആണെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടോടടുക്കുന്ന സിനിമാ ജീവിതത്തില്‍ ബഹുമാനിക്കുന്ന, റോള്‍മോഡലായി കാണുന്നത് ആരെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജോഷി.

‘അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉദാഹരണം പറയാന്‍ ഒരുപാട് പേരുണ്ട്. സിനിമയില്‍ പലരും ഇരട്ടമുഖമുള്ളവരാണ്. പക്ഷേ, തൊണ്ണൂറാം വയസിലും കൊടുമുടിപോലെ നില്‍ക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യന്‍ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാന്‍ തയ്യാറല്ലാത്ത അത്യപൂര്‍വം മനുഷ്യരില്‍ ഒരാള്‍. അമ്പതുവര്‍ഷമായി സാറിനെ ഞാനറിയുന്നു.

എന്റെ ഒട്ടേറെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാര്‍ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താന്‍ അഭിനയിക്കണമെങ്കില്‍ തന്റെ വീട്ടില്‍ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല.

പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തുനോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെന്റെ സിനിമാ ജീവിതത്തില്‍ റോള്‍ മോഡലായി കാണുന്നത് മധുസാറിനെ മാത്രമാണ്,’ ജോഷി പറയുന്നു.

Content Highlight: Director Joshy Says Madhu Is His Role Model

We use cookies to give you the best possible experience. Learn more