മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളിൽ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയിൽ സജീവമാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി ആയിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
നടൻ മധുവിനെ കുറിച്ച് പറയുകയാണ് ജോഷി. തന്റെ സിനിമ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച വ്യക്തിത്വമാണ് മധുവിന്റേതെന്നും പറയാനുള്ളത് ആരുടെ മുഖത്തും നോക്കി പറയുന്ന വ്യക്തിയാണ് മധുവെന്നും ജോഷി പറയുന്നു.
ഇതുവരെ ഒരു കഥാപാത്രം വേണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും സിനിമയിൽ തന്റെ റോൾമോഡലാണ് മധുവെന്നും ജോഷി പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു ജോഷി. നാടുവാഴികൾ, നരൻ തുടങ്ങിയ ജോഷി ചിത്രങ്ങളിൽ മധു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
‘അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉദാഹരണം പറയാൻ ഒരുപാട് പേരുണ്ട്. സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണ്. പക്ഷേ, തൊണ്ണൂറാം വയസ്സിലും കൊടുമുടിപോലെ നിൽക്കുന്ന മധുസാറിനെപ്പോലെ ഒരു മനുഷ്യൻ നമുക്കിടയിലുണ്ട്. തന്റെ വ്യക്തിത്വം ആരുടെ മുന്നിലും അടിയറവെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാൾ.
അമ്പതുവർഷമായി സാറിനെ ഞാനറിയുന്നു. എന്റെ ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണദ്ദേഹം. പക്ഷേ, തനിക്ക് ഒരു കഥാപാത്രത്തെ തരണമെന്ന് ആരോടും മധുസാർ ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. താനഭിനയിക്കണമെങ്കിൽ തൻ്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്ന സാറിന്റെ നിലപാടിന് ഇപ്പോഴും ഒരിളക്കവും ഉണ്ടായിട്ടില്ല.
പറയാനുള്ളത് സത്യസന്ധമായി ആരുടെ മുഖത്തു നോക്കി പറയുമ്പോഴും അവഗണിക്കേണ്ടതിനെ അവഗണിക്കാനും അദ്ദേഹത്തിന് മടിയില്ല. ഇതുകൊണ്ടൊക്കെ ഞാനെൻറെ സിനിമാ ജീവിതത്തിൽ റോൾ മോഡലായി കാണുന്നത് മധു സാറിനെയാണ്,’ജോഷി പറയുന്നു.
Content Highlight: Director Joshy About Actor Madhu