Advertisement
Entertainment
ആ സൂപ്പര്‍സ്റ്റാറിനെ ഞാന്‍ ആദ്യം കാണുകയല്ല, കേള്‍ക്കുകയായിരുന്നു: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 12:48 pm
Saturday, 22nd February 2025, 6:18 pm

മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി എന്ന ചിത്രമായിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. മോഹന്‍ലാലിനെ താന്‍ ആദ്യം കാണുകയല്ല ചെയ്തത് കേള്‍ക്കുകയായിരുന്നുവെന്ന് ജോഷി പറയുന്നു. പ്രേം നസീറാണ് ഒരു സദസില്‍ വെച്ച് തന്റെയടുത്ത് മോഹന്‍ലാലിനെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം അതിലെ ഒരു നടനുണ്ട്, അവന്‍ മലയാള സിനിമയുടെ വാഗ്ദാനമാണ് എന്നാണ് പ്രേം നസീര്‍ പറഞ്ഞെതെന്നും ജോഷി പറഞ്ഞു.

എന്നാല്‍ ആ സിനിമയില്‍ നായകനായി അഭിനയിച്ച ശങ്കറിനെയാവും അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ് താന്‍ കരുതിയതെന്നും പിന്നെയാണ് വില്ലനായി വന്ന മോഹന്‍ലാലിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് മനസിലായതെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

‘മോഹന്‍ലാലിനെ ഞാന്‍ ആദ്യം കാണുകയല്ല കേള്‍ക്കുകയായിരുന്നു. പ്രേം നസീര്‍ സാറാണ് ലാലിനെ കുറിച്ച് പറഞ്ഞത്. അതും ഒരു സദസില്‍ വെച്ച്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം നസീര്‍ സാര്‍ പറഞ്ഞു, ‘അപ്പച്ചന്റെ പുതിയ സിനിമ വരുന്നുണ്ട്. എല്ലാവരും പുതുമുഖങ്ങളാണ്. അതില്‍ ഒരു നടനുണ്ട്. അവന്‍ മലയാള സിനിമയുടെ വാഗ്ദാനമാണ്’ എന്ന്.

ആ സിനിമയില്‍ നായകനായി അഭിനയിച്ച ശങ്കറിനെയാവും അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വില്ലനായി വന്ന മോഹന്‍ലാലിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്,’ ജോഷി പറയുന്നു.

Content highlight: Director Joshiy talks about Mohanlal