2024ല്‍ അന്യഭാഷയിലടക്കം ചര്‍ച്ചയായി മാറിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു എത്തിയത്. ഗംഭീര വിഷ്വല്‍ ട്രീറ്റായിരുന്നു ഭ്രമയുഗം പ്രേക്ഷര്‍ക്ക് സമ്മാനിച്ചത്.
മമ്മൂട്ടി എന്നെ അത്ഭുതപ്പെടുത്തി. എന്ത് സൂക്ഷ്മതയോടെയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് – ജോഷി
ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഭ്രമയുഗത്തിന് സാധിച്ചിരുന്നു. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് മലയാളികള്‍ ഈ സിനിമയില്‍ കണ്ടത്. 2024ലെ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സിനിമ കൂടെയാണ് ഭ്രമയുഗം.
ഭ്രമയുഗത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ജോഷി. ബ്ലാക്ക് ആന്റ് വൈറ്റില്‍ തുടങ്ങിയ മലയാള സിനിമ ഇപ്പോള്‍ ബ്ലാക്ക് ആന്റ് വൈറ്റില്‍ എത്തിനില്‍ക്കുന്നു എന്നത് അത്ഭുതമാണെന്ന് ജോഷി പറയുന്നു. ഭ്രമയുഗം എന്ന സിനിമയുടെ ഏറ്റവും വലിയ ബ്രില്യന്‍സ് അത് ബ്ലാക്ക് ആന്റ് വൈറ്റില്‍ ചെയ്തു എന്നതാണെന്നും മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നും ജോഷി പറഞ്ഞു.
മൂന്നോ നാലോ കഥാപാത്രങ്ങള്‍ മാത്രം വെച്ച് രണ്ടര മണിക്കൂര്‍ സിനിമ മുന്നോട്ട് കൊണ്ടുപോവുക എന്നത് സംവിധായകന്റെ മിടുക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോഷി.
‘ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് മലയാള സിനിമ തുടങ്ങിയത്. ഇപ്പോഴത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിനില്‍ക്കുന്നു. അതൊരു അത്ഭുതം തന്നെ.
ഭ്രമയുഗം എന്ന സിനിമയുടെ ഏറ്റവും വലിയ ബ്രില്യന്‍സ് അത് ബ്ലാക്ക് ആന്റ് വൈറ്റില്‍ ചെയ്തു എന്നതാണ്.
അതുപോലെ മൂന്നോ നാലോ കഥാപാത്രങ്ങള്‍ മാത്രം, അവരെ വെച്ച് രണ്ടര മണിക്കൂര്‍ സിനിമ മുന്നോട്ട് കൊണ്ടുപോവുക സംവിധായകന്റെ മിടുക്കാണ്. അതു മാത്രമല്ല, മമ്മൂട്ടിയും എന്നെ അത്ഭുതപ്പെടുത്തി. എന്ത് സൂക്ഷ്മതയോടെയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനയിക്കാന്‍ ഒരു അവസരത്തിനുവേണ്ടി പല സംവിധായകരെയും കണ്ടതായി മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് എന്നെ കാണാന്‍ മമ്മൂട്ടി വന്നിട്ടില്ല. മമ്മൂട്ടിയുടെ പടമുള്ള ‘മേള’ എന്ന സിനിമയുടെ പോസ്റ്റര്‍ ആണ് ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത്. മമ്മൂട്ടി ബുള്ളറ്റ് ഓടിച്ചു വരുന്ന പടമായിരുന്നു പോസ്റ്ററില്‍.
ഇയാള് കൊള്ളാമല്ലോ എന്ന് അന്നേ തോന്നി. പിന്നീട് പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചാണ് നേരില്‍ കാണുന്നത്. പി.ജി. വിശ്വംഭരന്റെ സ്‌ഫോടനം എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട്. അന്ന് പക്ഷേ സജിന്‍ എന്നാണ് മമ്മൂട്ടിയുടെ പേര്. ആ രാത്രി എന്ന സിനിമയിലാണ് മമ്മൂട്ടിയുമായി ഒന്നിക്കുന്നത്,’ ജോഷി പറയുന്നു.
Content highlight: Director Joshiy talks about Mammootty’s performance in Bramayugam