മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ജോഷി. ജയന്‍ മുതല്‍ ജോജു വരെയുള്ള മലയാള സിനിമയിലെ നായകന്‍മാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്ഷ്യല്‍ സിനിമകളുടെ തലതൊട്ടപ്പനാണ്.
മഹേഷിന്റെ പ്രതികാരവും കുമ്പളങ്ങി നൈറ്റ്‌സും ഒക്കെ മലയാള സിനിമയുടെ വഴിത്തിരിവുകളാണ് – സംവിധായകന്‍ ജോഷി
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി എന്ന ചിത്രമായിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.
മലയാള സിനിമയിലെ പ്രിയപ്പെട്ട എഴുത്തുകാരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോഷി. എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ ആദ്യ സിനിമ മുതല്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്നനും തനിക്ക് സച്ചിയെ ഇഷ്ടമായിരുന്നുവെന്നും ജോഷി പറയുന്നു.
എഴുത്തിലും സംവിധാനത്തിലും സച്ചി മിടുക്കനായിരുന്നുവെന്നും അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുവെന്നും ജോഷി പറഞ്ഞു.
തനിക്ക് ഇഷ്ടമുള്ള മറ്റൊരു എഴുത്തുകാരന്‍ ശ്യാം പുഷ്‌കര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്യാം പുഷ്‌ക്കറിന്റെ മഹേഷിന്റെ പ്രതികാരവും കുമ്പളങ്ങി നൈറ്റ്‌സും മലയാള സിനിമയുടെ വഴിത്തിരിവുകളാണെന്നും ആ വഴിയിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ മുന്നോട്ട് പോകുന്നത് എന്ന് തോന്നുന്നുവെന്നും ജോഷി പറഞ്ഞു.
‘ആദ്യ സിനിമ മുതല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്ന എഴുത്തുകാരനായിരുന്നു സച്ചി. എനിക്ക് സച്ചിയെ വലിയ ഇഷ്ടമായിരുന്നു. എഴുത്തിലും സംവിധാനത്തിലും സച്ചി മിടുക്കനായിരുന്നു.
യഥാര്‍ഥത്തില്‍ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ജീവിച്ചിരുന്നെങ്കില്‍ സച്ചിയുടേതായി ഇനിയും നല്ല സിനിമകള്‍ വന്നേനേ.
ഇഷ്ടമുള്ള മറ്റൊരു എഴുത്തുകാരന്‍ ശ്യം പുഷ്‌ക്കറാണ്. ‘മഹേഷിന്റെ പ്രതികാരവും’ ‘കുമ്പളങ്ങി നൈറ്റ്‌സും’ ഒക്കെ മലയാള സിനിമയുടെ വഴിത്തിരിവുകളാണ്. ആ വഴിയിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ മുന്നോട്ട് പോകുന്നത് എന്ന് തോന്നുന്നു,’ ജോഷി പറയുന്നു.
Content highlight: Director Joshiy talks about his favorite film writers