പദ്മരാജന്‍ തിരക്കഥയെഴുതി 1990ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ഈ തണുത്ത വെളുപ്പാന്‍ കാലം. അന്‍പതുവര്‍ഷത്തിനിടയില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ജീനിയസായ സംവിധായകനാണ് പദ്മരാജനെന്ന് പറയുകയാണ് അദ്ദേഹമിപ്പോള്‍.
ചിത്രത്തിന്റെ തിരക്കഥ തനിക്ക് എഴുതി നല്‍കിയതിനെ കുറ്റപ്പെടുത്തി നിരവധി വ്യക്തികള്‍ പദ്മരാജനെ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോഷി പറഞ്ഞു.
ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ പദ്മരാജനാണെന്നാണ് അദ്ദേഹം കരുതിയിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിനേക്കാള്‍ ശത്രുത തനിക്കുണ്ടെന്ന് ഇതിലൂടെ പദ്മരാജന് മനസിലായെന്നും ജോഷി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അന്‍പതുവര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ട തിരക്കഥാകൃത്തുകളില്‍ ജീനിയസ് എന്നുപറയാന്‍ പദ്മരാജന്‍ കഴിഞ്ഞേ മറ്റൊരാളുള്ളൂ. പദ്മരാജന്റെ വീട്ടില്‍വെച്ചാണ് നിര്‍മാതാവ് ഗാന്ധിമതി ബാലനും ഞാനും ‘ഈ തണുത്ത വെളുപ്പാന്‍ കാല’ത്തിന്റെ കഥ കേട്ടത്.
തിരക്കഥ എഴുതിക്കഴിയും വരെ പദ്മരാജനും ഞാനും തമ്മില്‍ ഒരു കമ്യൂണിക്കേഷനും ഉണ്ടായിരുന്നില്ല. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ബാലന്‍ വിളിച്ചു പറഞ്ഞു, ‘കേള്‍ക്കാന്‍ വരണം.” തിരുവനന്തപുരം ആകാശവാണിക്കടുത്ത് ഒരു ഫ്‌ളാറ്റില്‍ ഇരുന്നായിരുന്നു വായന.
ആദ്യപകുതി വായിച്ചു കേട്ടപ്പോള്‍ത്തന്നെ വല്ലാത്തൊരനുഭവം. ഓരോ കഥാപാത്രത്തെയും മുന്നില്‍ക്കൊണ്ടുനിര്‍ത്തുന്നതുപോലെയാണ് വായന. അങ്ങനെയൊരു സ്‌ക്രിപ്റ്റ് വായന ഞാന്‍ വേറെ കേട്ടിട്ടില്ല. ”ക്ഷമിക്കണം ജോഷി… ഒരു മിനിറ്റ്. ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചോട്ടെ” പകുതി വായിച്ചുകഴിഞ്ഞപ്പോള്‍ പദ്മരാജന്‍ പറഞ്ഞു. എന്നെപ്പോലെ ഒരാളുടെ അടുത്ത് പദ്മരാജന് അങ്ങനെ ചോദിക്കേണ്ട കാര്യമില്ല. ആ പ്രതിഭയുടെ എളിമ ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
തിരക്കഥയുമായി വരുന്ന ഇവിടത്തെ ചില എഴുത്തുകാര്‍ എന്തെല്ലാം പുകിലുകളാണ് കാണിക്കുന്നത്. അവരൊക്കെ പദ്മരാജനെ കണ്ടുപഠിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയിട്ടുണ്ട്. ഷൂട്ടിങ്ങിന് മുമ്പായി എനിക്ക് ഇതുപോലെ ഒന്നുകൂടി വായിച്ചു കേള്‍ക്കണമെന്ന് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പദ്മരാജനോട് പറഞ്ഞു. ”അതിനെന്താ” എന്നുമാത്രം അദ്ദേഹം മറുപടി പറഞ്ഞു.
ഷൂട്ടിങ് സെറ്റിലേക്ക് ഒരുദിവസം പോലും പദ്മരാജന്‍ വന്നില്ല. സിനിമ റിലീസാകുമ്പോള്‍ ഞാന്‍ ഗന്ധര്‍വന്റെ എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം മദ്രാസിലാണ്. രാത്രി എന്നെ ഫോണില്‍ വിളിച്ചു, ”ഞാന്‍ വിചാരിച്ചത് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ളത് എനിക്കാകുമെന്നാണ്. പക്ഷേ, ഞാനൊന്നുമല്ലെന്ന് ജോഷി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പിന്നീട് അദ്ദേഹം തന്നെ പറഞ്ഞു. ”വല്ല ആവശ്യവുമുണ്ടായിരുന്നോ ആ ജോഷിക്ക് സ്‌ക്രിപ്റ്റ് എഴുതിക്കൊടുക്കാന്‍” എന്നാണ് പലരും പദ്മരാജനെ വിളിച്ചുപറഞ്ഞത്. ഞാന്‍ ഗന്ധര്‍വന്‍ കഴിഞ്ഞാല്‍ പുറത്ത് ഒരാള്‍ക്കുവേണ്ടി എഴുതുന്നുണ്ടെങ്കില്‍ അത് ജോഷിക്കു വേണ്ടിയായിരിക്കും എന്ന് പറഞ്ഞാണ് ആ രാത്രി പദ്മരാജന്‍ ഫോണ്‍ വെച്ചത്,” ജോഷി പറഞ്ഞു.
content highlight: director joshi about padmarajan