| Sunday, 15th January 2023, 10:17 pm

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് എനിക്കാ നടനെവെച്ച് സിനിമ ചെയ്യേണ്ടി വന്നതെന്ന് സംസാരമുണ്ടായി: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിന് വേണ്ടി ഇതുവരെ താന്‍ കാത്ത് നിന്നിട്ടില്ലെന്ന് സംവിധായകന്‍ ജോഷി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തത് കൊണ്ടാണ് താന്‍ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ ജോജുവിനെ വെച്ച് ചെയ്തതെന്ന് സിനിമാ മേഖലയിലെ പലരും പറഞ്ഞിട്ടുണ്ടെന്ന് ജോഷി പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും നാല്‍പ്പതിലേറെ വര്‍ഷമായി സിനിമയിലുണ്ടെന്നും അഭിനയസിദ്ധികൊണ്ട് മാത്രമല്ല ജോലിയോടുള്ള സമര്‍പ്പണ ബോധം കൊണ്ടുമാണ് അവര്‍ സിനിമയില്‍ തുടരുന്നതെന്നും ജോഷി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോഷി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇക്കാലത്തിനിടയ്ക്ക് ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിനുവേണ്ടി ഞാന്‍ കാത്തുനിന്നിട്ടില്ല. ഒരു നടനെയും ആശ്രയിച്ചല്ല ഞാന്‍ ഉയര്‍ന്നുവന്നത്. പൊറിഞ്ചു മറിയം ജോസ് ചെയ്തപ്പോള്‍ സിനിമാമേഖലയില്‍ പല സംസാരങ്ങളുമുണ്ടായി.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് ജോഷി, ജോജുവിനെ വെച്ച് പടം ചെയ്യുന്നതെന്ന് പലരും പറഞ്ഞു. അത്തരത്തില്‍ എന്നെക്കുറിച്ച് സംസാരമുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും നാല്‍പ്പതിലേറെ വര്‍ഷമായി സിനിമയിലുണ്ട്. അപാരമായ അഭിനയ സിദ്ധികൊണ്ടുമാത്രമല്ല ഇന്നും അവര്‍ സിനിമയില്‍ തുടരുന്നത്. ജോലിയോടുള്ള സമര്‍പ്പണത്തിന്റെ ഫലം കൂടിയാണത്,” ജോഷി പറഞ്ഞു.

സംവിധായകന്‍ മണിരത്‌നത്തെ താന്‍ ഇഷ്ടപ്പെടാനുള്ള കാരണത്തെക്കുറിച്ചും ജോഷി പറഞ്ഞു. സ്‌നേഹബന്ധത്തിന്റെ പേരിലല്ല മണിരത്‌നത്തെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകനായി മണിരത്‌നം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

”സ്‌നേഹബന്ധത്തിന്റെ പേരിലല്ല മണിരത്‌നത്തെക്കുറിച്ച് ഞാനങ്ങനെ പറഞ്ഞത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകന്‍ മണിരത്‌നം മാത്രമേയുള്ളൂ. പൊന്നിയിന്‍ സെല്‍വന്‍ മാത്രം കണ്ടാല്‍ മതി. എന്തൊരു ബ്രില്യന്റായാണ് അദ്ദേഹം അത് നിര്‍വഹിച്ചിരിക്കുന്നത്.

മണിരത്‌നത്തിന്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാല്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും. ഇന്ത്യയിലെ സകല ഡയറക്ടര്‍മാരുടെയും ലൈബ്രറികളില്‍ കാണും മണിരത്‌നത്തിന്റെ സിനിമകള്‍,” ജോഷി പറഞ്ഞു.

content highlight: director joshi about mohanlal and mammootty

Latest Stories

We use cookies to give you the best possible experience. Learn more