| Wednesday, 7th December 2022, 11:29 pm

കേരളത്തില്‍ ജാതി ചിന്തയില്ല, നവോത്ഥാന പാര്‍ട്ടിയില്‍ അംഗമായ സോഹന്‍ സീനുലാല്‍ എന്തു സന്ദേശമാണ് കൊടുക്കുന്നത്; 'പുലയാടി മക്കളെ' കവിതക്കെതിരെ സംവിധായകന്‍ ജോസ് തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസിലെ ‘പുലയാടി മക്കള്‍ക്ക്’ കവിതക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജോസ് തോമസ്. കേരളത്തില്‍ ഇന്ന് ജാതി മത ചിന്തകളുണ്ടോ എന്ന് തനിക്ക് സംശമുണ്ടെന്നും ഇത്തരമൊരു പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തതുകൊണ്ട് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്നും യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ജോസ് തോമസ് ചോദിച്ചു.

‘മനുഷ്യനെ ആകര്‍ഷിക്കാനാണോ ഈ കവിത ഉപയോഗിച്ചത്. കേരളത്തില്‍ ഇന്ന് എവിടെയാണ് ജാതി ചിന്തകളും വര്‍ണ, വര്‍ഗ, ചിന്തകളും ഉള്ളത്. നോര്‍ത്ത് ഇന്ത്യയിലൊക്കെ ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന് തോന്നിയതുകൊണ്ട് സോഹന്‍ സീനുലാലിന് മെസേജയച്ചു.

സോഹന്‍ എറണാകുളംകാരനായ സി.പി.ഐ.എം നേതാവിന്റെ മകനാണ്. ഫെഫ്ക സംഘടനയുടെ വര്‍ക്കിങ് സെക്രട്ടറിയാണ്. നവോത്ഥാന നായകനായ പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടിയിലെ അംഗമാണ് സോഹന്‍ സീനുലാല്‍. അദ്ദേഹത്തിന്റെ പിതാവ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്. നവോത്ഥാനമാണോ സിനിമ വിജയിപ്പിക്കാനുള്ള തന്ത്രമാണോ.

എന്തായാലും ഭാരത സര്‍ക്കസ് എന്ന സിനിമ ആദ്യ ദിവസം തന്നെ ഞാന്‍ തിയേറ്റററില്‍ പോയി കാണും. ഈ കവിത ആ സിനിമയില്‍ ഉണ്ടോ അത് ആ സിനിമക്ക് ഗുണകരമാണോ അതോ പ്രൊമോഷന് വേണ്ടി ഉണ്ടാക്കിയതാണോ എന്നറിയണം,’ ജോസ് തോമസ് പറഞ്ഞു.

സോഹന്‍ സീനുലാലിന് അയച്ച വോയിസ് ക്ലിപ്പും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ജോസ് തോമസ് വീഡിയോയില്‍ കേള്‍പ്പിക്കുന്നുണ്ട്. ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും എന്ന് പറഞ്ഞിട്ട് അതിനുത്തരം പറയൂ പുലയാടി മക്കളെ എന്ന് പറയുമ്പോള്‍ അതില്‍ രണ്ടര്‍ത്ഥം എനിക്ക് ഫീല്‍ ചെയ്യുന്നു. പുലയാടി മക്കള്‍ എന്ന പറയുന്നത് കേരളത്തില്‍ വ്യാപകമായി അറിയപ്പെടുന്ന തെറിയാണ്. എന്റെ ഒരു സിനിമയില്‍ പുലയാടി മകനെ എന്ന് പറഞ്ഞപ്പോള്‍ സെന്‍സര്‍ ചെയ്ത് കിട്ടിയില്ല.

ഇത് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണോ അതോ കേരളത്തിന്റെ പഴയ ചരിത്രമാണോ പറയുന്നത്? എനിക്ക് കഥയൊന്നുമറിയില്ല. ഇക്കാലഘട്ടത്തില്‍ ആരെങ്കിലും പുലയന്മാരെയോ പറയന്മാരെയോ ജാതി തിരിച്ചോ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ അങ്ങനെ നടക്കുന്നുണ്ടെന്ന് പറയാം. കേരളത്തില്‍ അങ്ങനെ ഇല്ല. കേരളത്തില്‍ ആരും ജാതി തിരിച്ച് സംസാരിക്കാറില്ല. ജാതി തിരിച്ച് പറയാറില്ല. ആരുടെയെങ്കിലും മനസിലുണ്ടെങ്കില്‍ പുറമേ അത് കാണിക്കാറില്ല.

ഒരു നവോത്ഥാന പാര്‍ട്ടിയിലെ അംഗമായ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ തെറിവാക്കുകള്‍ കൊണ്ടി ജാതി വര്‍ണ ചിന്തികള്‍ ഉരിത്തിരിയുന്ന തരത്തില്‍ ഒരു കവിത താങ്കളുടെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് എന്നതിന് ഒരു മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്നാണ് ജോസ് തോമസ് അയച്ച മെസോജ്.

സിനിമയുടെ കഥയുമായി ബന്ധമുള്ള കവിത ആണ് ഇതെന്നാണ് സോഹന്‍ മറുപടി നല്‍കിയത്. ‘അത് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ. സിനിമ ഓടാന്‍ തന്നെയാണ് നമ്മള്‍ എടുക്കുന്നത്. പക്ഷേ സിനിമക്ക് ആവശ്യമായ സാധനങ്ങള്‍ നമ്മള്‍ എടുക്കുമ്പോള്‍ അത് കച്ചവടതാല്‍പ്പര്യത്തോടെയാണെന്ന് സാറിനെ പോലെ ഒരാള്‍ പറയുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ അല്ലെ ചര്‍ച്ച ചെയ്യേണ്ടത്. ഇത് ഉള്‍പ്പെടുത്താമോ ഉള്‍പ്പെടുത്താന്‍ പാടില്ലയോ എന്നൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെ, സെന്‍സറിങ് പോലെയുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോണോ,’ എന്നാണ് സോഹന്‍ മറുപടി നല്‍കിയത്.

പി.എന്‍.ആര്‍ കുറുപ്പാണ് പുലാടി മക്കളെ കവിത എഴുതിയത്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് ഭാരത സര്‍ക്കസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് ചിത്രം തിയേറ്ററില്‍ എത്തും.

Content Highlight: director jose thomas criticism against pulayadi makkale song from bharatha circus

We use cookies to give you the best possible experience. Learn more