| Monday, 8th April 2024, 9:28 pm

ആവേശം ആവേശമാണ്, രോമാഞ്ചം രോമാഞ്ചവും; ഇരുചിത്രങ്ങളും തമ്മിലുള്ള ബന്ധമെന്ത്? മറുപടിയുമായി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ വലിയ വിജയമായ ചിത്രമായിരുന്നു രോമാഞ്ചം. ജിത്തു മാധവനായിരുന്നു ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ആവേശം. സിനിമാപ്രേമികള്‍ ഇന്ന് ഏറെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ഇത്.

ആവേശത്തിന് രോമാഞ്ചവുമായി ഒരു ബന്ധവുമില്ലെന്ന് പറയുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ആവേശം ആവേശമാണെന്നും രോമാഞ്ചം രോമാഞ്ചമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആവേശം മറ്റൊരു സിനിമയാണെന്നും ജിത്തു പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ആവേശം ആവേശമാണ്. രോമാഞ്ചം രോമാഞ്ചമാണ്. ആവേശത്തിന് രോമാഞ്ചവുമായി ഒരു ബന്ധവുമില്ല. ഇത് വേറെ ഒരു സിനിമ തന്നെയാണ്,’ ജിത്തു മാധവന്‍ പറഞ്ഞു.

ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തില്‍ ഫഹദിനെ എങ്ങനെ റീബ്രാന്‍ഡ് ചെയ്തു എന്ന ചോദ്യത്തിനും ജിത്തു അഭിമുഖത്തില്‍ മറുപടി പറയുന്നു.

‘ഫഹദിന്റെ ഒരു കൊമേഷ്യല്‍ പടമെന്ന രീതിയിലാണ് ആവേശത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നത്. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഫഹദ് ഇതില്‍ എന്തും ചെയ്യാന്‍ തയ്യാറാണ് എന്ന പോലെ റെഡിയായി നിന്നു. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാമെന്ന രീതിയില്‍ പടം ഷൂട്ട് ചെയ്യുകയായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകരുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Content Highlight: Director Jithu Madhavan Talks About Aavesham And Romancham Movie

We use cookies to give you the best possible experience. Learn more