പ്രേക്ഷകരില്‍ ആവേശം നിറച്ച് തിയേറ്ററുകളില്‍ മുന്നേറുകയാണ് ഫഹദ് നായകനായ പുതിയ ചിത്രം. ജിത്തുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ ആവേശം ഫഹദിന്റെ പുതിയ പരീക്ഷണമാകുമ്പോള്‍ ഫഹദിനൊപ്പം തന്നെ സിനിമയില്‍ മുഴുനീള വേഷത്തിലെത്തി തിളങ്ങുകയാണ് നാല് ചെറുപ്പക്കാര്‍.
തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ്. നെഗറ്റീവ് ഷെയ്ഡുള്ള കുട്ടി കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച തൃശൂര്‍കാരന്‍ മിഥൂട്ടി എന്നിവരാണ് ആവേശത്തില്‍ കലക്കന്‍ പ്രകടനം നടത്തി കയ്യടി നേടുന്നത്.
സോഷ്യല്‍മീഡിയകളിലെ താരമായ ഇവര്‍ ഒഡീഷന്‍ വഴിയാണ് ആവേശത്തിന്റെ ഭാഗമാകുന്നത്. സംവിധായകന്‍ ജിത്തു തന്നെയാണ് ഇവരെ ഒഡീഷനില്‍ പങ്കെടുക്കാനായി വിളിച്ചതും. സിനിമയില്‍ ആദ്യമാണെങ്കിലും അതിന്റെ ഒരു പതര്‍ച്ചയും ഇവരില്‍ കണ്ടിരുന്നില്ല. രണ്ട് റൗണ്ട് ഒഡീഷന്‍ മാത്രമാണ് ഇവര്‍ക്ക് വേണ്ടിവന്നതെന്നും പ്രത്യേകിച്ച് ഒരു ട്രെയിനിങ്ങും നല്‍കിയിട്ടില്ലെന്നുമാണ് ജിത്തു പറയുന്നത്.
മൂന്ന് പയ്യന്‍മാരും അവരുടെ സോഷ്യല്‍മീഡിയ സോണില്‍ സൂപ്പര്‍സ്റ്റാറുകളാണ്. സോഷ്യല്‍മീഡിയ താരങ്ങളായ ഇവരെ മൂവി സ്‌പേസിലേക്ക് കൊണ്ടുവന്നത് എങ്ങനെയാണെന്ന ചോദ്യത്തിനായിരുന്നു ജിത്തുവിന്റെ മറുപടി.
‘എനിക്ക് ഒരു സ്വഭാവമുണ്ട്. ഞാന്‍ കാണുന്ന, എനിക്ക് താത്പര്യം തോന്നുന്ന ചില സോഷ്യല്‍മീഡിയ വീഡിയോകള്‍ ഞാന്‍ സേവ് ചെയ്ത് വെക്കും. അങ്ങനെയുള്ള 24 പേരെ ഞാന്‍ ഒഡിഷന്‍ ചെയ്തിരുന്നു. മാസ് ഒഡിഷന്‍ ഉണ്ടായിട്ടില്ല. ചൂസ് ചെയ്ത 24 പേരെ ഒഡീഷനായി വിളിച്ചു. അതില്‍ നിന്നുള്ള മൂന്ന് പേരാണ് ഇവര്‍. ഇവര്‍ രണ്ട് മൂന്ന് റൗണ്ട് ഒഡീഷനിലൂടെ കടന്ന് പോയി എന്നല്ലാതെ പ്രത്യേകിച്ച് ട്രെയിനിങോ പരിപാടിയോ ഒന്നും അവര്‍ക്ക് ആവശ്യമുള്ളതായി തോന്നിയിട്ടില്ല.
പിന്നെ സോഷ്യല്‍മീഡിയ ബിഹേവിയര്‍ അല്ല മൂവിയില്‍. ഹിപ്സ്റ്ററൊക്കെ ഭയങ്കര ഇന്‍ട്രോവേര്‍ട്ടാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ആളേ അല്ല. ഇവരെ നേരിട്ട് കണ്ടിട്ട് വേണം ക്യാരക്ടര്‍ ഡിസൈഡ് ചെയ്യാന്‍ എന്ന് തീരുമാനിച്ചിരുന്നു. ഞാന്‍ എഴുതിയ ആളുകളേ അല്ല അവര്‍. ടോട്ടലി വേറെ ആളുകളാണ്.
ഇവരുടെ അടുത്ത് നിന്ന് അപ്‌ഡേറ്റ് ആവാനാണ് ഞാന്‍ ശ്രമിച്ചത്. കാരണം ഇവരുടെ പ്രായത്തിലുള്ളവരുടെ പടമാണ്. ഇവരുടെ കണ്ണിലൂടെയാണ് ഈ കഥ പറയുന്നത്. അതിനകത്തുകൂടി കാണാന്‍ ശ്രമിച്ചിരുന്നു.
ഈ പിള്ളേര്‍ക്കൊക്കെ ഒരു ടാഗ് ലൈന്‍ കൊടുത്തിരുന്നു. ഹോട്ട് സ്റ്റാര്‍ ഹിപ്സ്റ്റര്‍, റോറിങ് സ്റ്റാര്‍ റോഷന്‍, ഹോമ്‌ലി സ്റ്റാര്‍ മിഥുന്‍, ക്യൂട്ട് സ്റ്റാര്‍ മിഥൂട്ടി. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ഫഹദാണ് പറഞ്ഞത് നമുക്ക് റീ ഇന്‍ട്രൊഡ്യൂസിങ് ഫഹദ് എന്ന് കൊടുക്കാമെന്ന്.
കാരണം പുള്ളി ഇങ്ങനെ ഒരു പരിപാടി നേരത്തെ ചെയ്തിട്ടില്ലല്ലോ. ഫഹദിനെ സംബന്ധിച്ച് പൂര്‍ണമായും ഇത് പുതിയ എക്‌സ്പീരീയന്‍സ് ആയിരുന്നു. അപ്പോള്‍ റീ ഇന്‍ഡ്രൊഡ്യൂസിങ് എന്നത് ട്രെയിലറില്‍ തന്നെയിട്ടു. അത് വര്‍ക്കാവുകയും ചെയ്തു, ജിത്തു പറഞ്ഞു.
Content Highlight: Director Jithu Madhavan about Avesham movie audition process