| Wednesday, 22nd February 2023, 4:41 pm

ഇവന്മാരെയൊക്കെ കാസ്റ്റ് ചെയ്തത് എന്തിനാണെന്ന് ഞാന്‍ തന്നെ ഓര്‍ത്തുപോയി, പലരും എന്നോടത് ചോദിച്ചിട്ടുണ്ട്: ജിത്തു മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ചിരിയുണര്‍ത്തി മുന്നേറുകയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ അവര്‍ക്കൊപ്പമോ അതിന് മുകളിലോ പ്രാധാന്യം പുതുമുഖ താരങ്ങള്‍ക്ക് ലഭിച്ചിരുന്നു. അവരെ തെരഞ്ഞെടുത്തതിന് ശേഷം നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിത്തു.

അഭിനേതാക്കള്‍ പലരും ജിവിതത്തില്‍ ഇന്നുവരെ വണ്ടിയോടിക്കുകയോ, സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് ഇതൊക്കെ ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരു കട്ടന്‍ ചായ പോലും കുടിക്കാത്ത സിജു സണ്ണിയാണ് മദ്യപാനിയായി അഭിനയിച്ചതെന്നും ജിത്തു പറഞ്ഞു. ഐ.സി.ജെ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമയുടെ ഷൂട്ടിനിടെ ജഗദീഷിന്റെ കാലൊടിഞ്ഞ ഇന്‍സിഡന്റ് എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാമല്ലോ. അത് മാത്രമല്ല വേറെയും ചില സംഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. എന്റെ സങ്കടംകൊണ്ട് ഞാന്‍ പറഞ്ഞുപോകുന്നതാണ്. ഓടുകയും ചാടുകയും ചെയ്യുന്ന ഒരുപാട് സീനുകള്‍ ചെയ്യണ്ട ഒരാളായിരുന്നു ജഗദീഷ്. അവന്റെ കാലാണ് ഒടിഞ്ഞത്. പിന്നെ അതൊക്കെ മാറ്റിവെച്ച് കാലൊടിഞ്ഞതായി അഭിനയിക്കാന്‍ തുടങ്ങി.

സിനിമയില്‍ ഏറ്റവും കൂടുതല്‍ ബൈക്ക് ഓടിക്കേണ്ടത് അനന്തരാമന്‍ ചെയ്ത കഥാപാത്രമാണ്. അവനാണെങ്കില്‍ വണ്ടിയോടിക്കാന്‍ പോലും അറിയില്ലായിരുന്നു. അതുപോലെ തന്നെ ഈ സിനിമയില്‍ എല്ലാ സീനിലും സിഗരറ്റ് വലിക്കുന്ന ഒരുത്തനാണ് നത്ത്. നമ്മുടെ അബിന്‍ ബിനോയ്. അവനാണെങ്കില്‍ ജീവിതത്തില്‍ ഇതുവരെ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല.

എനിക്കാണെങ്കില്‍ ഇതൊക്കെ കേട്ടിട്ട് വലിയ ടെന്‍ഷനാവുകയും ചെയ്തു. അത് കഴിഞ്ഞിട്ടാണ് സിജു സണ്ണി വരുന്നത്. സിനിമയില്‍ എപ്പോഴും വെള്ളമടിച്ച് നടക്കുന്ന മുകേഷ് എന്ന കഥാപാത്രം ചെയ്യുന്നത് അവനാണല്ലോ. പക്ഷെ അവനാണെങ്കില്‍ കട്ടന്‍ ചായപോലും കുടിക്കത്തില്ല. അങ്ങനെയുള്ള ഒരുത്തനാണ് ഇതിനകത്ത് അഭിനയിച്ചിരിക്കുന്നത്.

എന്ത് ആലോചിച്ചാണ് ഇവന്മാരെയൊക്കെ കാസ്റ്റ് ചെയ്തതെന്ന് ഞാന്‍ സ്വയം ചിന്തിച്ച് പോയി. എല്ലാവരും എന്നോട് ചോദിച്ചിരുന്നു നീ എങ്ങനെയാടാ ഇവരെയൊക്കെ കാസ്റ്റ് ചെയ്തതെന്ന്. വരുന്നിടത്ത് വെച്ച് കാണാം എന്നുപറഞ്ഞാണ് ഞാന്‍ സിനിമ ചെയ്തത്. ഇതൊന്നും ജീവിതത്തില്‍ ചെയ്തിട്ടില്ലെങ്കിലും അവരൊക്കെ നല്ല അഭിനേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ അവരത് അഭിനയിച്ച് നന്നാക്കി,’ ജിത്തു മാധവന്‍ പറഞ്ഞു.

content highlight: director jithu madhav about romancham movie and casting

We use cookies to give you the best possible experience. Learn more