ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷത്തില്‍ ടൊവിനോ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആക്ഷനും മിത്തും ഫാന്റസിയും ഒരുപോലെ സമന്വയിപ്പിച്ച് നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 70 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. ആദ്യദിനം മുതല്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അജയന്റെ രണ്ടാം മോഷണത്തിലെ അടുത്ത ഭാഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതില്‍ ലാല്‍. അജയന്റെ രണ്ടാം മോഷണം ഒരു യൂണിവേഴ്സ് ആക്കി മാറ്റിയാലോ എന്ന പ്ലാനുണ്ടെന്നും ഇനി വരാന്‍ പോകുന്ന ഒന്‍പത് സിനിമകളെ കുറിച്ചുള്ള പ്ലാനിങ് ഇപ്പോള്‍ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു.
ഒന്‍പത് സിനിമകളും വ്യത്യസ്ത ഴോണറുകളില്‍ ഉള്ളതായിരിക്കുമെന്നും എല്ലാം നമ്മുടെ നാട്ടിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള രീതിയിലെ സിനിമകള്‍ ആയിരിക്കുമെന്നും ജിതില്‍ ലാല്‍ പറയുന്നു. നമ്മുടെ സംസ്‌കാരവുമായി റൂട്ടഡ് ആയിട്ടുള്ള കഥകളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂ സ്‌റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമായായിരുന്നു ജിതിന്‍ ലാല്‍.
‘എ. ആര്‍. എം യൂണിവേഴ്സ് എന്ന പ്ലാന്‍ മനസിലുണ്ട്. ഒരു ഒന്‍പത് സിനിമ ഞാനും സുജിത്തേട്ടനും ഒരു സീരീസ് പോലെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. അതിലെല്ലാം അജയന്റെ രണ്ടാം മോഷണത്തിലുള്ള കഥാപാത്രങ്ങളെല്ലാം വരുന്നത് പോലൊരു സാധനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അപ്പോള്‍ അതെല്ലാം കുറച്ച് വലിയ പരിപാടികളാണ്. അതെല്ലാം എങ്ങനെ എങ്കിലും ചെയ്യുക എന്നുള്ളതാണ് നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം.
അതില്‍ പലതും വ്യത്യസ്ഥ ഴോണറുകളിലുള്ള സിനിമകളായിരിക്കും. അടുത്തത് അങ്ങനെ ഒന്ന് ചെയ്യണം എന്നൊരു പ്ലാനിങ് ഉണ്ട്. എന്താകുമെന്ന് അറിയില്ല. എല്ലാം നാടകമായിരിക്കും. നേരത്തെ പറഞ്ഞ പോലെ നമ്മുടെ നാട്ടിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയിട്ടുള്ളതായിരിക്കും. നമ്മുടെ സംസ്‌കാരവുമായി റൂട്ടഡ് ആയിരിക്കും. ഇതൊക്കെയാണ് ഇപ്പോള്‍ ആഗ്രഹിച്ച് വെച്ചേക്കുന്നത്,’ ജിതിന്‍ ലാല്‍ പറയുന്നു.
Content Highlight: Director Jithin Lal Talks About His Planning Of Creating A.R.M Universe