മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം റിലീസാകുന്ന ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
ടൊവിനോ തോമസിന്റെ സിനിമ ജീവിതത്തിലെ നാഴിക കല്ലാണ് അജയന്റെ രണ്ടാം മോഷണം. അദ്ദേഹത്തിന്റെ 50ാമത് ചിത്രമായ എ.ആര്‍.എം സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. 3ഡിയില്‍ ഒരുങ്ങിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍നിന്ന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ എ.ആര്‍.എമ്മിന് കഴിഞ്ഞു
ആളുകള്‍ ഇപ്പോള്‍ മണിയനെയാണ് കൂടുതല്‍ ഇഷ്ടമെന്നാണ് പറയുന്നതെന്ന് ജിതില്‍ ലാല്‍ പറയുന്നു. എന്നാല്‍ മണിയനെ ചെയ്ത് ഫലിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് അജയനെ ചെയ്യാന്‍ വേണ്ടി ആയിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവമായി, കാണുന്ന ആളുകള്‍ക്ക് തോന്നാന്‍ പ്രയാസമാണെന്നും മണിയന്‍ എന്ന കഥാപാത്രത്തെ ഇതുവരെ മറ്റൊരു ആര്‍ട്ടിസ്റ്റും ചെയ്തു കാണാത്തതുകൊണ്ടാണ് ആളുകള്‍ പെട്ടെന്ന് മണിയനെ ഇഷ്ടപെടുന്നതെന്നും ജിതിന്‍ ലാല്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ എല്ലാവരും ഭയങ്കരമായിട്ട് പറയുന്നത് മണിയനെയാണ്. പക്ഷെ ചെയ്യാന്‍ ഏറ്റവും പാട് അജയനെയാണ്. നമ്മള്‍ ഇപ്പോള്‍ കാണുമ്പോള്‍ അത് ഭയങ്കര ഈസിയായി തോന്നുമെങ്കിലും അത് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. പാവമായി കാണുന്ന ആളുകള്‍ക്ക് തോന്നണമല്ലോ. അജയന്റെ നിഹായാവസ്ഥയെല്ലാം കാണികളിലേക്ക് എത്തിക്കാന്‍ പാടാണ്.
മണിയനെ ആളുകള്‍ ഇതുവരെ കാണാത്തതാണ്. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ചെയ്ത് പ്രേക്ഷകര്‍ ഇതുവരെ കാണാത്തത് ചെയ്ത് കാണിക്കുമ്പോള്‍ അതാണ് നല്ലതെന്ന് എല്ലാവര്‍ക്കും തോന്നും. അതുകൊണ്ടായിരിക്കാം മണിയനെ എല്ലാവരും ഇഷ്ടപ്പെടുന്നത്,’ ജിതിന്‍ ലാല്‍ പറയുന്നു.
Content Highlight: Director Jithin Lal Talks About Ajayante Randam Moshanam