കഴിഞ്ഞ ദിവസമിറങ്ങിയ ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം ഗംഭീര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന സഹായിയായിരുന്ന നവാഗതാനായ ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. മൂന്ന് വേഷവും അവതരിപ്പിക്കുന്നത് ടോവിനോ തന്നെയാണ്. ത്രീ.ഡിയിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
അജയന്റെ രണ്ടാം മോഷണം റിലീസിന് മുമ്പ് പൃഥ്വിരാജിനെ കാണിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ജിതിൻ ലാൽ. ചിത്രത്തിന്റെ ട്രെയ്ലർ ഇറങ്ങിയപ്പോൾ മമ്മൂട്ടിയെ കാണിച്ചിരുന്നുവെന്നും അദ്ദേഹം ത്രീ.ഡിയെ കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നുവെന്നും ജിതിൻ പറയുന്നു. താനൊരു മോഹൻലാൽ ഫാൻ ആണെന്നും എന്നാൽ മലയാള സിനിമയിൽ മമ്മൂട്ടിക്ക് മാത്രമുള്ള ചില പ്രത്യേകതയുണ്ടെന്നും ജിതിൻ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു ജിതിൻ ലാൽ
‘രാജുവേട്ടന് ഞാനിപ്പോൾ കുറച്ച് മുന്നേ മെസേജ് അയച്ചതേയുള്ളു. അജയന്റെ രണ്ടാം മോഷണം ഇറങ്ങുന്നതിന് മുമ്പ് രാജുവേട്ടൻ ഈ സിനിമ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഞാൻ നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പുള്ളി കാണാമെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഇന്നലെ രാത്രിയാണ് ഞങ്ങളുടെ ത്രീ.ഡി പതിപ്പിന്റെ ഫൈനൽ ഔട്ട് റെഡിയാവുന്നത്.
അങ്ങനെ ഞങ്ങൾ പലരീതിയിൽ സിനിമയുടെ പണിയൊക്കെ തീർത്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി വിശാലമായി ഇറങ്ങാമെന്ന് കരുതിയിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. അതുപോലെ ഞങ്ങൾ മമ്മൂക്കയെ ട്രെയ്‌ലർ കാണിക്കാൻ പോയിരുന്നു. മമ്മൂക്ക ടെക്‌നോളജിയോട് വലിയ താത്പര്യമുള്ള ആളാണ്.
അദ്ദേഹം ത്രീ.ഡിയെ കുറിച്ച് എനിക്ക് ക്ലാസ് എടുത്ത് തന്നിരുന്നു. ത്രീ.ഡിയിൽ മമ്മൂക്കയുടെ റെസ്പോൺസ് എങ്ങനെയായിരിക്കുമെന്നറിയാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കാരണം നേരത്തെ ലാലേട്ടനെ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയിയാണ്. പക്ഷെ അങ്ങനെയാണെങ്കിൽ പോലും മമ്മൂക്കയ്ക്ക് മാത്രം മലയാള സിനിമയിലുള്ള ഒരു പ്രത്യേക തരം കണ്ടന്റുണ്ട്,’ജിതിൻ ലാൽ പറയുന്നു.