അന്ന് ആസിഫ് അലിക്ക് വേണ്ടി ആ പാട്ടെഴുതുമ്പോള്‍ വയലാര്‍ എഴുതുമോ ഇതുപോലെയെന്ന് തോന്നി: ജിസ് ജോയ്
Entertainment
അന്ന് ആസിഫ് അലിക്ക് വേണ്ടി ആ പാട്ടെഴുതുമ്പോള്‍ വയലാര്‍ എഴുതുമോ ഇതുപോലെയെന്ന് തോന്നി: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th December 2024, 9:34 am

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കി അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ മികച്ച സിനിമകളില്‍ ഒന്നാണ് സണ്‍ഡേ ഹോളിഡേ. അതിലെ മുഴുവന്‍ പാട്ടുകള്‍ക്കും വരികള്‍ എഴുതിയത് ജിസ് തന്നെയായിരുന്നു.

ചിത്രത്തിലെ ‘കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രജണ്ടനം’ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. ഏതെങ്കിലും ഒരു പാട്ട് എഴുതിയപ്പോള്‍ വയലാര്‍ എഴുതുമോ ഇതുപോലെയെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വയലാറൊന്നും ഒരിക്കലും ‘കണ്ടോ നിന്റെ കണ്ണില്‍’ എന്ന പാട്ട് പോലെയൊന്ന് എഴുതിയിട്ടില്ലെന്നാണ് ജിസ് പറയുന്നത്. ധര്‍മജന്റെ കഥാപാത്രം കള്ള് കുടിച്ച ശേഷം എഴുതുന്ന പാട്ടായിരുന്നത് കൊണ്ട് അതിന് അതിന്റേതായ സ്റ്റാന്‍ഡേര്‍ഡ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘വയലാര്‍ എഴുതുമോ ഇതുപോലെയെന്ന് എനിക്കും തോന്നിയിട്ടുണ്ട്. സണ്‍ഡേ ഹോളിഡേയിലെ ‘കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രജണ്ടനം’ എന്ന പാട്ട് എഴുതിയപ്പോഴായിരുന്നു അത്. വയലാറൊന്നും ഒരിക്കലും അങ്ങനെ എഴുതിയിട്ടില്ല. കാരണം വയലാറൊക്കെ കുറച്ച് കോമണ്‍സെന്‍സുള്ള ആളാണല്ലോ (ചിരി).

‘കണ്ടോ നിന്റെ കണ്ണില്‍’ പാട്ടിന്റെ സിറ്റുവേഷന്‍ അതായിരുന്നു. ധര്‍മജന്‍ കള്ള് കുടിച്ച ശേഷം എഴുതുന്ന പാട്ടായിരുന്നു അത്. അപ്പോള്‍ അതിന് അതിന്റേതായ സ്റ്റാന്‍ഡേര്‍ഡ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കള്ള് കുടിച്ച് എഴുതുന്ന പാട്ടാകണം,’ ജിസ് ജോയ് പറഞ്ഞു.

സണ്‍ഡേ ഹോളിഡേ:

2017ല്‍ അപര്‍ണ ബാലമുരളി – ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ദീപക് ദേവ് ആയിരുന്നു ജിസ് എഴുതിയ വരികള്‍ക്ക് സംഗീതം ഒരുക്കിയത്. ആസിഫ് അലിയുടെയും ജിസ് ജോയിയുടെയും മികച്ച സിനിമകളില്‍ ഒന്നാണ് സണ്‍ഡേ ഹോളിഡേ.

ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ആസിഫിന്റെ കരിയറില്‍ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിലൊന്നു കൂടെയാണ് സണ്‍ഡേ ഹോളിഡേ. ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശ ശരത്, സിദ്ദിഖ്, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെ ഈ സിനിമയില്‍ ഉണ്ടായിരുന്നു.

Content Highlight: Director Jis Joy Talks About Kando Ninte Kannil Song In Asif Ali’s Sunday Holiday