Entertainment news
റിയാക്ഷനില്‍ തന്നെ വ്യക്തമായിരുന്നു പുള്ളിക്ക് കഥ ഇഷ്ടപ്പെട്ടില്ലെന്ന്; വീടിന് പുറത്തിറങ്ങി കുറച്ചുനേരം മിണ്ടാതിരുന്നു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 26, 02:51 pm
Monday, 26th December 2022, 8:21 pm

കഥ ഒട്ടും ഇഷ്ടപ്പെടാതെ ആസിഫ് അലി ചെയ്ത സിനിമയാണ് സണ്‍ഡേ ഹോളിഡേ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജിസ് ജോയ്. കഥ മുഴുവന്‍ പറഞ്ഞിട്ടും ആസിഫിന് തൃപ്തിയായിരുന്നില്ലെന്നും ‘തന്നെ വിശ്വസിച്ച് ചെയ്യുകയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് ആസിഫ് ആ ചിത്രം കമ്മിറ്റ് ചെയ്തതെന്നും ഒരു അഭിമുഖത്തില്‍ ജിസ് ജോയ് പറയുന്നു.

”സണ്‍ഡേ ഹോളിഡേയുടെ കഥ ഞാന്‍ മൊത്തം പറഞ്ഞപ്പോള്‍ ആസിഫിന് ഇഷ്ടപ്പെട്ടിരുന്നില്ല. വീട് കംപ്ലീറ്റായി അടച്ചിട്ട്, കോളിങ് ബെല്ല് പോലും ഊരിയിട്ടിട്ടായിരുന്നു കഥ പറഞ്ഞത്. അത്രയും ഡീറ്റെയ്‌ലായാണ് കഥ പറഞ്ഞത്.

ചിലപ്പോള്‍ എന്റെ കഥ പറച്ചിലിന്റെ കുഴപ്പമായിരിക്കാം. മൊത്തം കഥ പറഞ്ഞ് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു കഥ ഇഷ്ടപ്പെട്ടില്ല എന്നത്. സണ്‍ഡേ ഹോളിഡേയുടെ കഥ അവന് ഇഷ്ടപ്പെട്ടിട്ടേ ഇല്ല.

കഥ പറയുമ്പോഴുള്ള ആളുടെ റിയാക്ഷന്‍ കാണുമ്പോള്‍ തന്നെ നമുക്കത് മനസിലാവുമല്ലോ. കഥ പറഞ്ഞ് കഴിഞ്ഞ് വീടിന് പുറത്തിറങ്ങി കാര്‍ പോര്‍ച്ചില്‍ നില്‍ക്കുകയായിരുന്നു. വര്‍ക്കായില്ലേ എന്ന് ഞാന്‍ ചോദിച്ചു. കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം പുള്ളി പറഞ്ഞു, ‘എടോ, ഞാന്‍ അങ്ങനെയൊന്നും ഇതില്‍ നോക്കുന്നില്ല, ഞാന്‍ തന്നെ അങ്ങ് വിശ്വസിക്കുകയാണ്,’ എന്ന്.

അപ്പൊ എനിക്ക് ഉറപ്പായി കഥ ഇഷ്ടപ്പെട്ടില്ല എന്ന്. അത് കഴിഞ്ഞ് പടം റിലീസായി ഹിറ്റായി,” ജിസ് ജോയ് പറഞ്ഞു.

2017ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ വലിയ തിയേറ്റര്‍ ഹിറ്റായതിന് പുറമെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, കെ.പി.എ.സി ലളിത, ശ്രുതി രാമചന്ദ്രന്‍, സുധീര്‍ കരമന എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നത്.

അതേസമയം, ബൈസിക്കിള്‍ തീവ്‌സ് എന്ന ജിസ് ജോയിയുടെ ആദ്യ സംവിധാന സംരംഭത്തിലും ആസിഫ് അലി തന്നെയായിരുന്നു നായകന്‍. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ ജിസ് ജോയ് ചിത്രങ്ങളിലും ആസിഫ് കേന്ദ്ര കഥാപാത്രമായെത്തി.

Content Highlight: Director Jis Joy talks about Asif Ali