| Saturday, 29th June 2024, 1:32 pm

പ്രേമലുവിന്റെ കാര്യമറിയാതെ നസ്‌ലെനെ തലവനിലേക്ക് വിളിച്ചു; കഥയില്‍ ആ മാറ്റം വന്നതോടെ അവനെ ഒഴിവാക്കേണ്ടി വന്നു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ സിനിമയില്‍ ഒരു കാമിയോ റോളില്‍ ജാഫര്‍ ഇടുക്കിയും എത്തിയിരുന്നു. അല്ലപ്പന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. എന്നാല്‍ ആ കഥാപാത്രത്തിലേക്ക് താന്‍ ആദ്യം കാസ്റ്റ് ചെയ്തത് നസ്ലെനെ ആയിരുവെന്ന് പറയുകയാണ് ജിസ് ജോയ്. അവന്‍ പ്രേമലുവില്‍ അഭിനയിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും പിന്നീട് താന്‍ തന്നെ നസ്‌ലെന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ആ കഥാപാത്രം ജാഫര്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ ആ കഥാപാത്രം വേണ്ടെന്ന് വെച്ചേനെ. ജാഫര്‍ ആ റോള്‍ ചെയ്യാന്‍ തയ്യാറാകുകയും അന്ന് ഷൂട്ടിന് വരികയും ചെയ്തത് കൊണ്ടാണ് അങ്ങനെ ഒരു കഥാപാത്രം ഉണ്ടായത്. സത്യത്തില്‍ ആദ്യം ഇങ്ങനെ അല്ലായിരുന്നു പ്ലാന്‍ ചെയ്തത്. കഥാപാത്രത്തിന്റെ പ്രായം വളരെ ചെറുതായിരുന്നു. അദ്ദേഹത്തിന്റെ പ്ലോട്ടും ഇങ്ങനെ അല്ലായിരുന്നു. ആദ്യം ഈ കഥാപാത്രത്തിലേക്ക് നസ്‌ലെനെ ആയിരുന്നു കാസ്റ്റ് ചെയ്തത്.

ആ സമയത്ത് പ്രേമലുവിന്റെ ഷൂട്ട് നടക്കുന്നത് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ഒരു സിനിമ നടക്കുന്നത് അറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ ഒരിക്കലും അവനെ വിളിക്കില്ലായിരുന്നു. കാരണം അതില്‍ അവന്‍ ഹീറോ ആയിട്ടാണ് അഭിനയിക്കുന്നത്. ഒരു കാമിയോ ആയിട്ട് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു അന്ന് നസ്ലെനോട് ചോദിച്ചത്. പാവം, അവന്‍ അപ്പോള്‍ തന്നെ നമ്മുടെ സിനിമയല്ലേ ചെയ്യാമെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാകും ഡേറ്റ്. ഞങ്ങള്‍ അറിയിക്കാമെന്ന് അവനോട് പറഞ്ഞു. എനിക്ക് സത്യത്തില്‍ വളരെ സന്തോഷമുണ്ടായിരുന്നു. ഇതിന് മുമ്പ് ഞാന്‍ വര്‍ക്ക് ചെയ്യാത്ത ഒരു ആര്‍ട്ടിസ്റ്റായിരുന്നു അവന്‍. ഇപ്പോള്‍ എനിക്ക് നസ്‌ലെനുമായി നല്ല പരിചയമുണ്ട്. പക്ഷെ അന്ന് അറിയാമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.

Also Read: ഏലിയന് വേണ്ടി പി.കെയില്‍ നിന്ന് ആ കാര്യം റെഫറന്‍സാക്കി; പിന്നീടാണ് എന്റെ തെറ്റ് മനസിലായത്: അനാര്‍ക്കലി

എന്നിട്ടും വിളിച്ചപ്പോള്‍ തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറയാനുള്ള നല്ല മനസ് അവന് ഉണ്ടായിരുന്നു. പക്ഷെ പിന്നീടാണ് ഈ കഥാപാത്രത്തെ വേറെ ചില കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയത്. അപ്പോള്‍ ആളുടെ വരവിന് എന്തെങ്കിലും ഒരു ഉദ്ദേശം കൂടെ ഉണ്ടെങ്കില്‍ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ കഥാപാത്രത്തിന് പ്രായം കൂട്ടി ഒരു മാറ്റം കൊണ്ടുവന്നത്. അതോടെ ആദ്യം ഉണ്ടായ നസ്‌ലെന്റെ ആ ചാപ്റ്റര്‍ മൊത്തത്തില്‍ മാറ്റി വെച്ചു. എന്നിട്ട് പുതിയ ചാപ്റ്റര്‍ എഴുതുകയായിരുന്നു,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Director Jis Joy Explains The Reason Why Naslen’s Character Was Dropped From Thalavan Movie

We use cookies to give you the best possible experience. Learn more