| Saturday, 20th March 2021, 3:20 pm

മോഹന്‍ലാലിനെപ്പോലെ തന്നെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച യുവനടി; മനസുതുറന്ന് ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് ഫീല്‍ ഗുഡ് മൂവിയെന്ന അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജിസ് ജോയ്.

സിനിമാ ജീവിതത്തില്‍ തന്നെ സ്വാധീനിച്ച ചിലരെ കുറിച്ചും സിനിമയിലെ ചിലരുടെ കൃത്യനിഷ്ഠയെ കുറിച്ചും സംസാരിക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജിസ് ജോയ്.

തന്റെ സഹോദരിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് നടി അപര്‍ണ ബാലമുരളിയെന്ന് ജിസ് ജോയ് പറയുന്നു. എല്ലാ ദിവസവും വിളിക്കുകയും അവരുടെ വിശേഷങ്ങള്‍ പറയുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന തന്റെ സ്വന്തം സഹോദരിയാണ് അപര്‍ണയെന്നാണ് ജിസ് പറയുന്നത്.

ഒരു തരത്തിലും മാറിപ്പോയിട്ടില്ലാത്ത, ഒരു താരജാഡയും വന്നിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാവുന്ന കുട്ടിയാണ് അപര്‍ണയെന്നാണ് ജിസ് പറയുന്നത്. അപര്‍ണയില്‍ നിന്നും കണ്ടുപഠിച്ച ഒരു ക്വാളിറ്റിയെ കുറിച്ചും അഭിമുഖത്തില്‍ ജിസ് പറയുന്നു.

സണ്‍ഡേ ഹോളിഡെ എന്ന ചിത്രം എടുക്കുമ്പോള്‍ എന്റെ അസോസിയേറ്റ് എല്ലാവരോടും നാളെ ആറേമുക്കാല്‍ മണിക്ക് വരണമെന്ന് പറയും. എന്നാല്‍ ഒരു ദിവസം പോലും ഞാനോ ഈ മനുഷ്യനോ സെറ്റിലെ വേറെ ആരെങ്കിലുമോ ഈ പറഞ്ഞ ആറേമുക്കാല്‍ എന്ന സമയത്ത് വന്നിട്ടില്ല. ഏഴര എട്ട് മണിയാകുമ്പോഴേ എല്ലാവരും എത്തുകയുള്ളൂ.

പക്ഷേ ഈ കുട്ടി എല്ലാ ദിവസവും, സിനിമ തീരുന്നതുവരെ കൃത്യം ആറേമുക്കാലിന് സെറ്റിലെത്തും. പടംതീരാറായ ഒരു ദിവസം ഞങ്ങള്‍ ചോദിച്ചു, ആറേമുക്കാലിന് എത്തണമെന്ന് പറഞ്ഞാലും ഞങ്ങളൊക്കെ എട്ട് മണിക്കേ എത്തുള്ളൂവെന്ന് നിനക്ക് അറിയില്ലേ പിന്നെ എന്തിനാണ് ആറേമുക്കാലിന് എത്തുന്നതെന്ന് ‘എന്നോട് പറഞ്ഞിരിക്കുന്നത് ആറേമുക്കാല്‍ അല്ലേ അപ്പോള്‍ ഞാന്‍ ആ സമയത്ത് തന്നെ വരും എന്നായിരുന്നു അപര്‍ണയുടെ മറുപടി. അത് ഒരാളുടെ ക്വാളിറ്റിയാണ്.

മോഹന്‍ലാലും ഇങ്ങനെ തന്നെയാണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ലാലുമൊത്ത് തനിക്കുണ്ടായ ഒരു അനുഭവവും ജിസ് ജോയ് പങ്കുവെച്ചു. ‘നിറപറ’ എന്ന ബ്രാന്‍ഡിന് വേണ്ടി രണ്ട് ദിവസം കൊണ്ട് 60 സെക്കന്റുള്ള പത്ത് പരസ്യങ്ങള്‍ ഞാന്‍ അദ്ദേഹത്തെ വെച്ച് എടുത്തിരുന്നു. അതൊരു റെക്കോര്‍ഡാണ്. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് അന്ന് അദ്ദേഹത്തിന് അല്‍പം നേരത്തെ പോകേണ്ടി വന്നു. പോകുമ്പോള്‍ നാളെ എപ്പോള്‍ വരണമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സാറിന്റെ സമയം, സര്‍ എപ്പോള്‍ ഒക്കെയാണെങ്കിലും ചെയ്യാമെന്ന് പറഞ്ഞു.

ഞാന്‍ മനസില്‍ കാണുന്നത് അദ്ദേഹം ഒരു ഒന്‍പതുമണിയൊക്കെ പറയുമെന്നാണ്. ഏഴേകാല്‍ ഒക്കെയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വളരെ ഒക്കെയാണ് സര്‍ എന്ന് ഞാന്‍ പറഞ്ഞു. നാളെ ഏഴേകാലിന് കാണാമെന്നും സോറി ഇന്ന് നേരത്തെ പോകേണ്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകുഴപ്പവുമില്ലെന്നും നമ്മള്‍ ഉദ്ദേശിച്ചതെല്ലാം കിട്ടിയല്ലോ എന്ന് ഞാനും മറുപടി പറഞ്ഞു.

പിറ്റേ ദിവസം ഏഴ് ഇരുപത് ആയപ്പോള്‍ ഞാന്‍ സ്റ്റുഡിയോയിലേക്ക് വണ്ടിയുമായി കയറുമ്പോള്‍ കാണുന്നത് സ്റ്റുഡിയോയ്ക്ക് മുന്‍പില്‍ മേജര്‍ രവി സാറും പുള്ളിയും കൂടി കസേരയിട്ട് ഇരിക്കുന്നതാണ്. ഞാന്‍ മുഖം തൊപ്പി വെച്ച് മറച്ച് സൈഡിലൂടെ കാര്‍ പാര്‍ക്ക് ചെയ്ത് അകത്തുകയറി. അതാണ് ലാല്‍ സര്‍, ജിസ് ജോയ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Jis Joy About Mohanlal and Actress Aparna Balamurali

We use cookies to give you the best possible experience. Learn more