|

മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം മമ്മൂക്കയുടേത്; നടിമാരില്‍ മഞ്ജു വാര്യരുടേതും; ഇതാണ് കാരണം: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ എന്നതിലുപരിയായി മലയാളത്തിലെ മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റുമാരില്‍ ഒരാളാണ് ജിസ് ജോയ്. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് ഡബ് ചെയ്തതോടെയാണ് ജിസ് ജോയിയുടെ ശബ്ദം പലരും തിരിച്ചറിയാന്‍ തുടങ്ങിയത്.

കരിയറിന്റെ തുടക്കകാലത്ത് നിരവധി സീരിയലുകള്‍ക്കും ജിസ് ജോയ് ശബ്ദം നല്‍കിയിരുന്നു. പരസ്യസംവിധായകനായും സിനിമാ സംവിധായകനായും ഇന്ന് മലയാളത്തില്‍ സജീവമാണ് ജിസ് ജോയ്.

മലയാള സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദത്തിന്റെ ഉടമയെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം മമ്മൂട്ടിയുടേതാണെന്നും നടിമാരില്‍ മഞ്ജു വാര്യരുടേതാണെന്നും ജിസ് ജോയ് പറയുന്നു. ഇവരുടെ ശബ്ദം ഇഷ്ടപ്പെടാനുള്ള കാരണത്തെ കുറിച്ചും ജിസ് ജോയ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

മമ്മൂക്കയുടെ ശബ്ദം ഭയങ്കര ഇഷ്ടമാണ്. നടിമാരില്‍ മഞ്ജു വാര്യരുടെ ശബ്ദമാണ് കൂടുതല്‍ ഇഷ്ടം. ഇവരുടെ രണ്ട് പേരുടെ ശബ്ദത്തിനും ഭയങ്കര ഐഡന്റിറ്റി ഉണ്ട് എന്നതാണ്. മമ്മൂക്കയുടെ പ്രത്യേകത നോക്കൂ. അദ്ദേഹത്തിന്റെ ശബ്ദത്തെ കുറിച്ച് നമ്മള്‍ പറയുമ്പോള്‍ രാജമാണിക്യവും കൊച്ചി ഭാഷയും പ്രാഞ്ചിയേട്ടനും പറയും. പുള്ളി നന്നായി ചെയ്‌തെന്ന് പറഞ്ഞു. എന്നാല്‍ ഇതിന്റെ സൈഡില്‍ കൂടി കുറച്ച് പാടുള്ള ചില സംഗതി അദ്ദേഹം ചെയ്തുപോയിട്ടുണ്ട്.

ഉദാഹരണത്തിന് വേഷം, എന്തു മനോഹരമായിട്ടാണ് അദ്ദേഹം കോഴിക്കോട് ഭാഷ പറഞ്ഞിരിക്കുന്നത്. രാപ്പകലില്‍ പാലക്കാട് ഭാഷ പറഞ്ഞിരിക്കുന്നത് എത്ര ഭംഗിയിലാണ്. അത്തരത്തില്‍ പ്രാദേശികമായ ചില ഭാഷകളില്ലേ. അത് അങ്ങനെ പിടിക്കുക എന്ന് പറയുന്നത് ഭയങ്കരമാണ്. മിമിക്രി ആയിപ്പോകാതെ അങ്ങനെ പിടിക്കുക എന്നത് കുറച്ച് പാടാണ്. അതുപോലെ തന്നെയാണ് മഞ്ജു വാര്യരും. ചട്ടമ്പിനാട്, വിധേയന്‍, പൊന്തന്‍മാട, അമരം ഇതൊക്കെ വേറെ വേറെ സംഗതിയാണ്. ഇതിന്റെയൊക്കെ ആകെ തുകയാണ് മമ്മൂക്ക എന്ന് നമ്മള്‍ വിളിക്കുന്ന വ്യക്തി.

തെലുങ്ക് ഡയലോഗുകള്‍ ഡബ്ബ് ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും ഡബ്ബിങ് തിയേറ്ററില്‍ കയറിയാല്‍ ആദ്യം സ്‌ക്രിപ്റ്റിന്റെ കനമാണ് താന്‍ നോക്കുന്നതെന്നും ജിസ് ജോയ് പറഞ്ഞു. അവിടെ നമ്മള്‍ ഒരു മെഷീനായി നിന്ന് വര്‍ക്ക് ചെയ്യുകയാണെന്നും ജിസ് ജോയ് പറഞ്ഞു. അവര്‍ ഭയങ്കര ഫാസ്റ്റാണ്. നമ്മുടെ ഒരു പാരഗ്രാഫൊക്കെ അവര്‍ ഒരു സെന്റന്‍സില്‍ പറഞ്ഞുകളയും. ഓടിപ്പിടിക്കാതെ നിവൃത്തിയില്ല, ജിസ് ജോയ് പറഞ്ഞു.

Content Highlight: Director Jis Joy About Mammootty and Manju Warrior Voice