വിവാദങ്ങള്‍ വെറുതെയാണ്, സ്‌ക്രിപ്റ്റ് വായിച്ചവര്‍ക്കെല്ലാം അതോര്‍ത്ത് ചിരിയാണ് വരുന്നത്; ജയസൂര്യ ചിത്രത്തെക്കുറിച്ച് ജിസ് ജോയ്
Entertainment news
വിവാദങ്ങള്‍ വെറുതെയാണ്, സ്‌ക്രിപ്റ്റ് വായിച്ചവര്‍ക്കെല്ലാം അതോര്‍ത്ത് ചിരിയാണ് വരുന്നത്; ജയസൂര്യ ചിത്രത്തെക്കുറിച്ച് ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th September 2022, 9:31 am

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. റിലീസിന് മുമ്പ് തന്നെ ഏറെ വിവാദത്തിലായ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ട്രെയ്‌ലര്‍ ലോഞ്ചിന് സിനിമയുടെ ഭാഗമായ എല്ലാവരും എത്തിയിരുന്നു. ട്രെയ്‌ലറില്‍ ഭൂരിഭാഗവും ജാഫര്‍ ഇടുക്കിയുടെ കഥാപാത്രമാണ് വന്നിരിക്കുന്നത്. ഈശോ കുറ്റാന്വേഷണ ചിത്രമായിരിക്കും എന്ന സൂചനയോടെയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലി, ജിസ് ജോയ് തുടങ്ങി ധാരാളം സിനിമാ പ്രവര്‍ത്തകര്‍ നേരിട്ടെത്തി ട്രെയ്‌ലര്‍ ലോഞ്ചിന്റെ ഭാഗമായിരുന്നു. വേദിയില്‍ വച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും ഡയറക്ടറുമായ ജിസ് ജോയ് അദ്ദേഹവും ജയസൂര്യയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ സിനിമയെക്കുറിച്ചുള്ള വിവാദങ്ങളെല്ലാം വെറുതെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”എനിക്ക് തോന്നുന്നു ജയന്റെ ഭാര്യ കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ ഒരുമിച്ച് യാത്ര ചെയ്ത മനുഷ്യരും ഞങ്ങള്‍ രണ്ടു പേരുമാണ്.

സിനിമ ഒരുപാട് സ്വപ്നം കണ്ടാല്‍ അത് നമ്മുടെ കയ്യിലേക്ക് വരുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഈശോ എന്ന് സിനിമയ്ക്ക് പേരിട്ടപ്പോള്‍ തൊട്ട് ഈ പേര് മാറ്റണം എന്നതിന്റെ പേരില്‍ നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചവര്‍ക്കെല്ലാം അത് ഓര്‍ത്ത് ചിരിയാണ് വരുന്നത്. കാരണം ഒരു വിവാദത്തിനും സാധ്യതയില്ലാത്ത വിഷയത്തിനെയാണ് ആളുകള്‍ കുരിശിലേറ്റി വിമര്‍ശിച്ചത്. ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും ഒരു വിവാദത്തിനും സാധ്യതയില്ലാത്ത മുഴുനീള എന്റര്‍ടെയ്‌നറാണ് ഈശോ,” ജിസ് ജോയ് പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, രജിത്ത് കുമാര്‍, ഇന്നസെന്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഈ പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരയണണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ നാരായണന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് ആണ്.

Content Highlight: Director Jis Joy about Jayasurya- Nadirsha movie Eesho