| Wednesday, 16th March 2022, 3:25 pm

ഒരു ദിവസം രാത്രി പത്തരമണിക്ക് ചാക്കോച്ചന്‍ വിളിച്ചു; ആ കോളില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ത്രെഡാണ് സിനിമക്ക് പ്രചോദനമായത്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ലളിതമായ കഥകള്‍ അതിലും ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകന്‍ ജിസ് ജോയിയുടേത്. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ജിസ് ജോയ് വിജയ് സൂപ്പറും പൗര്‍ണമിയും സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെയാണ് ഹിറ്റ് സംവിധായകനെന്ന പേരെടുക്കുന്നത്.

മോഹന്‍കുമാര്‍ ഫാന്‍സിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്നലെ വരെ. ചിത്രത്തിന്റെ കഥയെ കുറിച്ചും കഥയുടെ ത്രെഡ് ലഭിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ജിസ് ജോയ്. ചിത്രത്തിന്റെ മൂലകഥ നടന്‍ കുഞ്ചാക്കോ ബോബന്റേതാണെന്നാണ് ജിസ് ജോയ് പറയുന്നത്.

‘ ഈ ചിത്രത്തിന്റെ മൂലകഥ കുഞ്ചാക്കോ ബോബന്റേതാണ്. തികച്ചും യാദൃശ്യകമായാണ് ഈ ത്രെഡ് എനിക്ക് ലഭിക്കുന്നത്. ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം. നല്ല മഴയുമുണ്ട്. ഞാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലാണ്.

ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു. സാധാരണ ഒമ്പതരയ്ക്ക് ശേഷം ചാക്കോച്ചനെ ഫോണില്‍ കിട്ടുക ബുദ്ധിമുട്ടാണ്. ആ ഫോണ്‍ വിളിയില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ഒരു ത്രെഡ് ആണ് പിന്നീട് ഈ സിനിമയ്ക്ക് പ്രചോദനമായത്.

ചാക്കോച്ചന്റെ ത്രഡ് ഒന്നു കടലാസിലാക്കി അപ്പോള്‍ തന്നെ ബോബി-സഞ്ജയ്ക്ക് അയച്ചുകൊടുത്തു. മൂന്ന് ദിവസം കൊണ്ട് അവര്‍ അതിനെ വിപുലീകരിച്ച് ഒരു ഫോമിലാക്കി അയച്ചുതന്നു. ഈ ചിത്രം സമര്‍പ്പിക്കുന്നത് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമാണ്, ജിസ് ജോയ് പറയുന്നു.

ഇതുവരെ ചെയ്തുപോന്ന ചിത്രങ്ങളില്‍ നിന്നും നേരെ വിപരീതമായ സ്വഭാവമാണ് ഈ ചിത്രത്തിന്റേതെന്നും നൂറു ശതമാനവും ത്രില്ലറാണെന്നും ജിസ് ജോയ് പറഞ്ഞു.

Content Highlight: Director Jis Joy About His New Movie and Kunchacko Boban

We use cookies to give you the best possible experience. Learn more