അദ്ദേഹത്തിന്റെ വാക്കുകളുടെ ആഴം മനസിലായപ്പോൾ ആസിഫിന്റെ കണ്ണുനിറഞ്ഞു, 2024 അത് സത്യമാണെന്ന് തെളിയിച്ചു: ജിസ് ജോയ്
Entertainment
അദ്ദേഹത്തിന്റെ വാക്കുകളുടെ ആഴം മനസിലായപ്പോൾ ആസിഫിന്റെ കണ്ണുനിറഞ്ഞു, 2024 അത് സത്യമാണെന്ന് തെളിയിച്ചു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th January 2025, 2:33 pm

തുടർപരാജയങ്ങൾക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024. ലെവൽ ക്രോസ്, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം ആദ്യ റിലീസായി എത്തിയ ആസിഫ് അലി ചിത്രം തലവനായിരുന്നു. ജിസ് ജോയിയായിരുന്നു തലവൻ സംവിധാനം ചെയ്തത്.

സംവിധായകൻ സിദ്ധിഖ് തന്നോടും ആസിഫ് അലിയോടും പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. നമ്മളൊരു കലയോട് അല്ലെങ്കിൽ ഒരു കലാരൂപത്തോട് വളരെ ആത്മാർത്ഥമായി ഇഷ്ടം കാണിച്ചാൽ അതിനെ ഉപേക്ഷിച്ചാലും ഒരിക്കലും ആ കല നമ്മളെ വിട്ടുപോവില്ലെന്ന് സിദ്ധിഖ് പറഞ്ഞിരുവെന്നും അന്ന് നിറകണ്ണുകളോടെയാണ് ആസിഫ് ആ വാക്കുകൾ കേട്ടതെന്നും ജിസ് ജോയ് പറയുന്നു.

കഴിഞ്ഞ വർഷത്തെ ആസിഫിന്റെ തിരിച്ചുവരവ് അതാണ് സൂചിപ്പിക്കുന്നതെന്നും തങ്ങൾ ജീവിതത്തിൽ അണ്ടർ ലൈൻ ചെയ്തുവെച്ചിരിക്കുന്ന വാക്കുകളാണ് അവയൊന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു.

‘സിദ്ധിഖ് സാർ ഞങ്ങളോട് അറിയാതെ പറഞ്ഞ ഒരു കാര്യമുണ്ട്. ഞാനും ആസിഫ് അലിയും ഇപ്പോഴും അണ്ടർ ലൈൻ ചെയ്തുവെച്ചിരിക്കുന്ന ഒരു വാക്കാണത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

നമ്മളൊരു കലയോട് അല്ലെങ്കിൽ ഒരു കലാരൂപത്തോട് വളരെ ആത്മാർത്ഥമായി ഇഷ്ടം കാണിച്ചാൽ, സത്യസന്ധമായി ആ കലയ്ക്ക് വേണ്ടി നിലകൊള്ളുകയാണെങ്കിൽ നിങ്ങൾ ഒരിക്കൽ അതിനെ വിട്ടാലും നിങ്ങളെ വിടില്ല.

നിങ്ങളിൽ ഒരു സത്യമുണ്ടെങ്കിൽ നിങ്ങൾ ഉപേക്ഷിച്ചാൽ പോലും ആ കല നിങ്ങളെ ഉപേക്ഷിക്കില്ല. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധിഘട്ടം ഉണ്ടായാലും നിങ്ങൾ മുങ്ങി പോവാതെ ആ കല നിങ്ങളെ പിടിച്ചുനിർത്തും. ഇതെപ്പോഴും മനസിൽ ഉണ്ടാവണം. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇക്ക പറഞ്ഞ വാക്കിന്റെ ആഴം മനസിലാക്കിയപ്പോൾ ആസിഫിന്റെ കണ്ണ് നിറഞ്ഞുപോയി. 2024 ആസിഫിന്റെ ഏറ്റവും മികച്ച വർഷമായിരുന്നു. പിന്നീടൊരിക്കൽ എപ്പോഴോ ഞാൻ ആസിഫിനെ ചേർത്ത് നിർത്തിയിട്ട്, നീ ഇക്ക പറഞ്ഞത് ഓർക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നു. ഞങ്ങൾക്ക് ആ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Director Jis Joy About Asif Ali And Director Sidique