| Thursday, 24th June 2021, 9:33 am

ഐശ്വര്യ ലക്ഷ്മിയെ നായികയാക്കാന്‍ ധൈര്യമില്ലായിരുന്നു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ഐശ്വര്യ ലക്ഷ്മിയോടൊപ്പം പരസ്യചിത്രങ്ങളും സിനിമകളും ചെയ്ത അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജിസ് ജോയ്. സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ ഐശ്വര്യയെ അറിയാമായിരുന്നെന്നും താന്‍ സംവിധാനം ചെയ്ത നിരവധി പരസ്യ ചിത്രങ്ങളില്‍ ഐശ്വര്യ അഭിനിയിച്ചിട്ടുണ്ടെന്നും ജിസ് ജോയ് പറഞ്ഞു.

ഐശ്വര്യയെ നായികയാക്കാന്‍ ധൈര്യമില്ലായിരുന്നെന്ന് പറഞ്ഞ ജിസ് ജോയ് അതിന്റെ പിന്നിലുണ്ടായിരുന്ന കാരണങ്ങളും വ്യക്തമാക്കി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലേക്ക് ഐശ്വര്യ വന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ വരുന്നതിന് മുന്‍പേ അറിയാമായിരുന്നു. അന്ന് എറണാകുളത്തെ സൂപ്പര്‍ മോഡലാണ് ഐശ്വര്യ. അവര്‍ അഭിനയിക്കാത്ത ബ്രാന്‍ഡുകളില്ല. എന്റെ തന്നെ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഞാനും ഐശ്വര്യയും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. ആ സമയത്ത് ഐശ്വര്യയെ തേടി വരുന്ന കഥകളെ കുറിച്ചൊക്കെ എന്നോട് പറയുമായിരുന്നു. ഇങ്ങനെയുള്ള കഥയും സംവിധായകനുമൊക്കെ വന്നിട്ടുണ്ടെന്ന് പറയും.

ആ സമയത്ത് എന്റെ മനസില്‍ സണ്‍ഡേ ഹോളിഡേ എന്ന സിനിമയുണ്ട്. പക്ഷെ അപ്പോള്‍ എനിക്ക് ഐശ്വര്യയെ വെച്ച് ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ഐശ്വര്യക്ക് അതറിയുമായിരുന്നോ എന്നറിയില്ല.

ഐശ്വര്യ ഹീറോയിനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ എന്റെ സിനിമയില്‍ അഭിനയിച്ച് ആ ചിത്രം പരാജയപ്പെട്ടാല്‍ അത് ഐശ്വര്യയെ എങ്ങനെ ബാധിക്കുമെന്നായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്.

ഒരുപാട് സ്വപ്‌നങ്ങളുള്ള കുട്ടിയാണ്, നമ്മള്‍ ആയിട്ട് ഒരു പ്രശ്‌നമുണ്ടാക്കരുത് എന്നായിരുന്നു മനസ്സില്‍. അതുകൊണ്ടാണ് നായികയാക്കാന്‍ ധൈര്യമില്ലാതിരുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വരുന്നത്. അപ്പോള്‍ എനിക്ക് സമാധാനമായി, നിവിന്‍ പോളിയുടെ കൂടെയാണല്ലോ, പടം നന്നാകുമെന്നും തോന്നി. പിന്നെ അവള്‍ തിരക്കുകളിലായി.

എനിക്ക് മഹേഷിന്റെ പ്രതികാരം കണ്ടപ്പോള്‍ അപര്‍ണ സണ്‍ഡേ ഹോളിഡേക്ക് പറ്റിയ ആളാണെന്ന് തോന്നി. ആ കഥാപാത്രത്തിന് കുറച്ചുകൂടെ ചേരുമെന്നും തോന്നി. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് വിളിക്കുന്നത്.

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലാണ് ഐശ്വര്യ പിന്നീട് വരുന്നത്. ആ ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് വേറെ നായികയെയായിരുന്നു. പക്ഷെ, അവര്‍ മാറി ഐശ്വര്യ ചിത്രത്തിലേക്ക് വന്നത് ആ സിനിമക്ക് നൂറ് ശതമാനവും നന്മയായി തീര്‍ന്നു,’ ജിസ് ജോയ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Jis Joy about Aishwarya Lekshmi

We use cookies to give you the best possible experience. Learn more