കുഞ്ഞിലയെ വിളിക്കുന്നതില്‍ ബുദ്ധിമുട്ടെന്ന് സംഘാടകര്‍; ചലച്ചിത്ര മേളയില്‍ നിന്നും ഫ്രീഡം ഫൈറ്റ് പിന്‍വലിച്ച് ജിയോ ബേബി
Film News
കുഞ്ഞിലയെ വിളിക്കുന്നതില്‍ ബുദ്ധിമുട്ടെന്ന് സംഘാടകര്‍; ചലച്ചിത്ര മേളയില്‍ നിന്നും ഫ്രീഡം ഫൈറ്റ് പിന്‍വലിച്ച് ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th July 2022, 11:31 am

സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന എട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും തന്റെ ഫ്രീഡം ഫൈറ്റ് എന്ന ചിത്രം പിന്‍വലിച്ചതായി സംവിധായകന്‍ ജിയോ ബേബി. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലെ സംവിധായകരിലൊരാളായ കുഞ്ഞില മാസിലാമണിയെ വിളിക്കാന്‍ സംഘാടകര്‍ തയാറാവാത്തതിലാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി പറഞ്ഞു.

നമ്മുടെ ഒരു സിനിമ ഒരു ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെടുന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യം ആണെന്നും പക്ഷേ കുഞ്ഞിലയെ ഉള്‍ക്കൊള്ളാന്‍ ആവാത്ത ആ ചലചിത്രമേളയില്‍ നിന്നും സ്വാതന്ത്ര്യ സമരം ഞങ്ങള്‍ പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജിയോ ബേബി പറഞ്ഞു.

‘സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന എട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ freedom fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ തെരഞ്ഞെടുക്കപെട്ടിരുന്നു. ഞാന്‍ പങ്കെടുക്കും എന്നു സംഘാടകരോട് പറയുകയും ചെയ്തിരുന്നു. ഇതിനിടയില്‍ വനിതാ ചലച്ചിത്ര മേളയും ആയി ബന്ധപെട്ട് ഉണ്ടായ സംഭവങ്ങള്‍ കാരണം ഞാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു, സിനിമയില്‍ ഞാന്‍ കൂടാതെ മറ്റ് 4 സംവിധായകര്‍ കൂടെ ഉണ്ട്, അവരെ കൂടെ ചലച്ചിത്ര മേളക്ക് വിളിക്കണം, അതിനു ബുദ്ധിമുട്ട് ഉണ്ടങ്കില്‍ അസംഘടിതര്‍ സംവിധാനം ചെയ്ത കുഞ്ഞിലയേ എങ്കിലും വിളിക്കണം. സംഘാടകര്‍ക്ക് കുഞ്ഞിലയെ വിളിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട് എന്നറിയിച്ചു.

നമ്മുടെ ഒരു സിനിമ ഒരു ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെടുന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യം ആണ്. പക്ഷേ കുഞ്ഞിലയെ ഉള്‍ക്കൊള്ളാന്‍ ആവാത്ത ആ ചലച്ചിത്രമേളയില്‍ നിന്നും freedom fight സ്വാതന്ത്ര്യ സമരം ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇതാണ് കലയുടെ ശരിയായ രാഷ്ട്രീയം എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. നമ്മുടെ കലാ സംസ്‌കാരിക മേളകള്‍ ഇങ്ങനെ ആവുന്നതില്‍ സങ്കടവും അമര്‍ഷവും ഉണ്ട്. താല്‍കാലത്തേക്ക് എങ്കിലും FB യില്‍ രാഷ്ട്രീയം പോസ്റ്റുന്നത് നിര്‍ത്തുകയാണ്. നന്ദി സ്‌നേഹം,’ ജിയോ ബേബി കുറിച്ചു.

അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ മേളയുടെ വേദിയില്‍ കയറിയിരുന്നുകൊണ്ടുള്ള കുഞ്ഞിലയുടെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റേജില്‍ നിന്നും കുഞ്ഞിലയെ പൊലീസുകാര്‍ തൂക്കിയെടുത്തുകൊണ്ടാണ് പോയത്. കുഞ്ഞിലയുടെ പ്രതിഷേധം കുട്ടികളുടെ കുസൃതിയാണെന്നും ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് മേളയുടെ ശോഭ കെടുത്താനുമാകില്ല എന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞത്.

Content Highlight: Director Jio Baby has withdrawn his film Freedom Fight from the 8th International Film Festival organized by Spandanam Vadakancheri