ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അടുക്കള കേന്ദ്രീകരിച്ച് നടക്കുന്ന കഥ ഇതിനകം തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.
അടുക്കള എന്ന ഇടത്തെ കേന്ദ്രീകരിച്ച് ഒരുപാട് സിനിമകളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ അവിടെ പറയേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന തോന്നലിലുമാണ് ഇത്തരമൊരു ചിത്രത്തിലേക്ക് താന്‍ എത്തിയതെന്നും പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. സിനിമാപ്രാന്തന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓരോ വീട്ടിലെ അടുക്കളയ്ക്കും ഓരോ കഥകളുണ്ട്. അത്തരത്തിലൊരു കഥയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അടുക്കള എങ്ങനെയാണ് സ്ത്രീകളുടെ മാത്രം ഇടമായി മാറുന്നത്. അടുക്കള മാത്രമല്ല ഒരു വീടിന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത് സ്ത്രീകളിലാണ്. വീട് വൃത്തിയാക്കുക, വിരിച്ചകിടക്കകള്‍, കഴുകിവൃത്തിയാക്കിയ മുറികള്‍, ബാത്ത് റൂമുകള്‍, ഒരുവിളിയ്ക്കപ്പുറം തൊട്ടടുത്ത് കിട്ടുന്ന ചായ ഇതൊക്കെ ഒരു ആണിനെ സംബന്ധിച്ച് കിട്ടുന്നുണ്ട്. അതിനെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
ആണുങ്ങള്‍ എപ്പോഴും സ്വാതന്ത്ര്യത്തെ കുറിച്ചും നീതിയെ കുറിച്ചും ഒക്കെ സോഷ്യല്‍മീഡിയയിലും അല്ലാതെയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നത് കാണുന്നുണ്ട്. എന്നാല്‍ അവരുടെയൊക്കെ വീടുകളിലെ അടുക്കളകളില്‍ ഈ നീതിയും ന്യായവും നടക്കുന്നില്ല. ഈ അനീതിയുടെ വലിയ തലങ്ങളാണ് ഓരോ വീട്ടിലെ അടുക്കളകളും. എനിക്ക് അത് പറയണമെന്ന് തോന്നി. അതുകൊണ്ട് ഞാന്‍ എന്റേതായ രീതിയില്‍ എന്റെ കാഴ്ചപ്പാടുകള്‍, ഞാന്‍ അനുഭവിച്ച കാര്യങ്ങളുമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
സ്ത്രീ എല്ലാം സഹിക്കേണ്ടവളാണെന്നും കുടുംബം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സ്ത്രീ സഹിച്ചേ പറ്റൂവെന്നും കോംപ്രമൈസ് ചെയ്‌തേ പറ്റൂവെന്നും പറയുന്ന തരത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അങ്ങനെ അല്ല എന്നാണ് കരുതുന്നത്. കാഴ്ചയ്ക്ക് ശേഷം സിനിമയെ വിലയിരുത്തട്ടെ. ആ അഭിപ്രായങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്. എന്തായാലും ഒരു സോ കോള്‍ഡ് കുടുംബിനി കണ്‍സെപ്റ്റില്‍ ഉള്ള സിനിമയല്ല ഇതെന്നാണ് വിശ്വസിക്കുന്നത്. നമ്മളായിട്ട് എഴുതിവെച്ചിരിക്കുന്ന ചില കാര്യങ്ങള്‍, അല്ലെങ്കില്‍ ഒരു പൊതുബോധത്തെ തകര്‍ക്കേണ്ടത്, അതിനുള്ള ഒരു ശ്രമമാണ് നടത്തിയത്.
ഞാന്‍ ഈ സിനിമയിലേക്ക് എത്തിപ്പെടുന്നത് ഞാന്‍ അടുക്കളയില്‍ കയറി ജോലി ചെയ്തു തുടങ്ങിയ ശേഷമാണ്. നമ്മള്‍ ഒരു കുടുംബമായി ജീവിക്കുമ്പോള്‍ നമ്മള്‍ അടുക്കളയില്‍ കയറി ജോലി ചെയ്യാതിരിക്കുന്നത് ഒരു നീതിയുടെ പ്രശ്‌നമായി തോന്നിയിട്ടുണ്ട്. ഒരാള്‍ മാത്രം കിടന്ന് രാവിലെ മുതല്‍ പണിയെടുക്കുക. അടുക്കള ജോലിയെ സ്‌നേഹിക്കുകയോ കുക്കിങ്ങിനെ ഭയങ്കരമായി ഇഷ്ടപ്പെടുകയോ ചെയ്തിട്ടല്ല ചെയ്യുന്നത്. അവിടെ നമ്മുടെ ഒരു പാര്‍ട്ടിസിപേഷന്‍ ഇല്ലെങ്കില്‍ നമ്മുടെ പാര്‍ട്ണര്‍ എത്രമാത്രം ബുദ്ധിമുട്ടിലാവും, നമ്മള്‍ അവിടെ ഇടപെട്ടേ മതിയാകൂ എന്ന സിറ്റുവേഷനില്‍ ഞാന്‍ കുറേയേറെ അടുക്കളയില്‍ ജോലി ചെയ്യേണ്ടി വരികയും അടുക്കള ജോലി എത്രമാത്രം നരകയാതന ഉള്ള പരിപാടിയാണെന്ന് മനസിലാക്കുകയും ചെയ്തു. അതില്‍ നിന്നുണ്ടാവുന്ന ഒരു സിനിമയാണ് ഇത്.
ഞാന്‍ ഈ സിനിമയെ കുറിച്ച് ഏറ്റവും കൂടുതല്‍ ഡിസ്‌കസ് ചെയ്യുന്നത് എന്റെ ഭാര്യയുമായിട്ടാണ്. അടുക്കള എന്ന സ്ഥലത്തെ കുറിച്ച് വളരെ ഫ്രസ്‌ട്രേറ്റഡ് ആയി ഭാര്യയോട് സംസാരിച്ച ഒരു രാത്രിയിലാണ് ഇതിനകത്തെ സിനിമയുടെ സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നത്.
ഈ സിനിമയ്ക്കായി എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്, ഈ സിനിമയ്ക്ക് വേണ്ടിയുള്ള ഘടകള്‍ കൊണ്ടുവന്നത് എന്റെ ഭാര്യയാണ്. ഈ സിനിമയുടെ ക്രിയേറ്റീവ് ഹെഡാണ് ഭാര്യ ബീന. പരിചയമുള്ള സ്ത്രീസുഹൃത്തുക്കളുടെ ജീവിതത്തിലെ പല കാര്യങ്ങളും സിനിമയ്ക്ക് വേണ്ടി എന്നെ സഹായിച്ചിട്ടുണ്ട്, ജിയോ ബേബി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Jio baby About The Great Indian Kitchen Movie