| Sunday, 26th November 2023, 10:26 pm

മമ്മൂക്കയുടെ അച്ഛനായി അഭിനയിച്ച ആളുപോലും ആദ്യമൊന്ന് പേടിച്ചിരുന്നു; എന്നാല്‍ മമ്മൂക്ക ഭയങ്കര കൂളാണ്: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മുതിര്‍ന്ന നായകനായിട്ടും ഈഗോയില്ലാതെ കാതലിന്റെ സെറ്റില്‍ നിന്ന മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. കാതലില്‍ ഒരുപാട് പുതുമുഖങ്ങള്‍ ഉണ്ടെന്നും അവരുടെ പേടിയില്ലാതാക്കാന്‍ മമ്മൂട്ടി മനഃപൂര്‍വം സെറ്റില്‍ തമാശ പറയുകയും ചിരിച്ചുകളിക്കുകയും ചെയ്തിരുന്നെന്ന് ജിയോ ബേബി പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമിച്ച് അഭിനയിച്ച ആര്‍ട്ടിസ്റ്റുകളോട് ചോദിച്ചാല്‍ ഒരു രീതിയിലുള്ള ഈഗോയുമില്ലാതെ കാതലിന്റെ സെറ്റില്‍ നിന്നൊരാളാണ് മമ്മൂട്ടിയെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് ജിയോ ബേബി പറഞ്ഞു.

‘കാതലില്‍ മമ്മൂക്കയുടെ മകളായി അഭിനയിച്ച അനഘ സിനിമയില്‍ പുതുമുഖമാണ്. സെറ്റില്‍ അനഘയോടെല്ലാം മമ്മൂക്ക ഒരുപാട് തമാശകള്‍ പറഞ്ഞും കളിച്ചിരിച്ചുമാണ് നിന്നിരുന്നത്. ശരിക്കും മമ്മൂക്ക അത് മനഃപൂര്‍വം ചെയ്യുന്നതാണ്.

പുതുമുഖങ്ങള്‍ ആയതുകൊണ്ട് തന്നെ അവരുടെ പേടിയില്ലാതാക്കാനും അവര്‍ സെറ്റില്‍ കൂടുതല്‍ സംസാരിക്കാനും വേണ്ടിയാണ് മമ്മൂക്ക ഇങ്ങനെ ചെയ്തിരുന്നത്. എല്ലാ ആര്‍ട്ടിസ്റ്റുകളെയും മമ്മൂക്ക അങ്ങനെയാണ് ട്രീറ്റ് ചെയ്തിട്ടുള്ളത്.

മമ്മൂക്കയുടെ അച്ഛനായി അഭിനയിച്ച ആള്‍ ഒരു പുതുമുഖമാണ്. പത്ത് എഴുപത്തിയഞ്ച് വയസുള്ള ആ മനുഷ്യനും മമ്മൂക്കയെ കാണുമ്പോള്‍ ഒരു പേടി ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം കാണുമ്പോള്‍ മാത്രമേ ആ പേടിയുണ്ടാവുകയുള്ളു. പിന്നെ മമ്മൂക്ക ഭയങ്കര കൂളാണ്.

സെറ്റില്‍ ആര്‍ട്ടിസ്റ്റുകളോട് മമ്മൂക്ക കുറേ സംസാരിക്കും, അഭിനയിക്കാന്‍ പോവുമ്പോള്‍ അവരോട് നിങ്ങള്‍ ഇങ്ങനെയെല്ലാം ചെയ്ത് നോക്കൂ, അല്ലെങ്കില്‍ ഇങ്ങനെ ഡയലോഗ് പറയുകയാണെങ്കില്‍ ഞാന്‍ ഈ രീതിയില്‍ മറുപടി പറയാം എന്നൊക്കെ മമ്മൂക്ക കൂടെ അഭിനയിച്ചവരോട് പറയും,’ ജിയോ ബേബി പറഞ്ഞു.

മമ്മൂട്ടി അഭിനയിക്കുന്നത് ഫ്രെയിമിലൂടെ കാണുമ്പോള്‍ ഭയങ്കര സന്തോഷവും സമാധാനവും എക്‌സൈറ്റ്‌മെന്റുമാണ് തോന്നുന്നതെന്നും ജിയോ ബേബി പറഞ്ഞു. മമ്മൂട്ടി കാതലെന്ന സിനിമയുടെ ഡിസ്‌കഷന്റെ ഒരു ഭാഗമായിരുന്നെന്നും എല്ലാം തീരുമാനിച്ചതിന് ശേഷം തങ്ങള്‍ പോയി അദ്ദേഹത്തിനോട് പറയുകയല്ലായിരുന്നെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

ജിയോ ബേബി സംവിധാനം നിര്‍വഹിച്ച്, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് സാലു കെ തോമസാണ്. ഫ്രാന്‍സിസ് ലൂയിസ് ചിത്രസംയോജനവും, മാത്യൂസ് പുളിക്കന്‍ പാശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Director Jeo Baby about Mammootty who was egoless on the sets of Kaathal The Core

We use cookies to give you the best possible experience. Learn more