ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ ആശയം മനസില്‍ വന്നപ്പോള്‍ തന്നെ നായികയായി നിമിഷ സജയനെ മനസില്‍ കണ്ടിരുന്നെന്നും എന്നാല്‍ നായകനായി സുരാജിനെ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംവിധായകന്‍ ജിയോ ബേബി.
കഥ കേട്ടശേഷം സുരാജ് വെഞ്ഞാറമ്മൂട് ഈ സിനിമ ചെയ്യാന്‍ തയ്യാറാവില്ലെന്നായിരുന്നു താന്‍ കരുതിയതെന്നും ജിയോ ബേബി സിനിമാ പ്രാന്തന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വുമണ്‍ ഓറിയന്റഡ് എന്ന് വേണമെങ്കില്‍ പറയാവുന്ന ഈ ചിത്രത്തില്‍ സുരാജ് അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. ഈ സിനിമയുടെ കഥ കേട്ട ഉടനെ ഇത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സുരാജ് എന്ന നടന്റെ, അതിലുപരിയായി ആ മനുഷ്യന്റെ സാമൂഹ്യബോധം താന്‍ മനസിലാക്കുകയായിരുന്നെന്നും ജിയോ ബേബി പറയുന്നു.
‘ഈ സിനിമയുടെ ഒരു ഐഡിയ വന്നപ്പോള്‍ തന്നെ നിമിഷയായിരുന്നു ആദ്യം മനസില്‍ ഉണ്ടായിരുന്നത്. നിമിഷയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പലരേയും നോക്കി. അതിനിടെ പ്രൊഡ്യൂസര്‍ ഡിജോ ആണ് സുരാജിനെ നോക്കിയാലോ എന്ന് പറയുന്നത്. എന്നാല്‍ എനിക്കൊരു പ്രതീക്ഷയില്ലായിരുന്നു. കാരണം ഇത് ഒരു വുമണ്‍ ഓറിയന്റഡ് സിനിമയാണെന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ ഞാന്‍ പോയി സംസാരിച്ചു കഴിഞ്ഞാല്‍ സുരാജേട്ടന് ഈ സിനിമ മനസിലാകുമോ എന്നൊരു സംശയമുണ്ടായിരുന്നു.
ഞാനാണെങ്കില്‍ ഇതുവരെ സുരാജേട്ടനുമായി വര്‍ക്ക് ചെയ്തിട്ടില്ല, ഒരു പരിചയവുമില്ല, കണ്ടിട്ടുപോലുമില്ല. നീയൊന്ന് സംസാരിച്ചു നോക്കൂവെന്ന് ജിജോ വീണ്ടും പറഞ്ഞു. അങ്ങനെയാണ് സുരാജേട്ടനെ ഫോണില്‍ വിളിക്കുന്നത്. അപ്പോള്‍ തന്നെ സുരാജേട്ടന്‍ കഥ മുഴുവന്‍ കേള്‍ക്കുകയും ഇത് ചെയ്യാം എന്ന് തന്നെയാണ് തീരുമാനമെന്നും പറഞ്ഞു. ഫൈനല്‍ ഡിസിഷന്‍ പറയാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒടുവില്‍ ആലോചിച്ച ശേഷം യെസ് പറഞ്ഞു.
അത് ഞങ്ങളെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. സുരാജ് എന്ന നടന്റെ, ഒരു മനുഷ്യന്റെ സാമൂഹ്യബോധം കൂടി മനസിലായ സമയമായിരുന്നു അത്. ഞാന്‍ വിചാരിച്ചത് അദ്ദേഹം ഈ സിനിമ ചെയ്യില്ലെന്നായിരുന്നു. പക്ഷേ അദ്ദേഹം വരികയും ഈ സിനിമയിലെ കഥാപാത്രം എന്തെന്ന് മനസിലാക്കുകയും ചെയ്തു.
എനിക്ക് പുതിയ അനുഭവങ്ങള്‍ തന്ന ആക്ടറാണ് അദ്ദേഹം. പുള്ളിയ്ക്ക് കൊടുത്ത കഥാപാത്രത്തിന്റെ ഉള്ളിലേക്ക് പോയിട്ട്, ഞാന്‍ ഈ കഥാപാത്രത്തെ ഇങ്ങനെ മാറ്റട്ടെ, ആ സമയത്ത് ഈ ഡയലോഗ് പറയട്ടെ, എന്നൊക്കെ ചോദിക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് ചില കണ്‍ഫ്യൂഷനൊക്കെ അടിച്ചു. എന്നാല്‍ സീനുകള്‍ എടുത്ത് കഴിഞ്ഞ് രാത്രിയില്‍ അത് ജോയിന്‍ ചെയ്ത് കാണുമ്പോള്‍ നമ്മള്‍ ഉണ്ടാക്കിയ കഥാപാത്രത്തിന്റെ ഏറ്റവും മികച്ച വേര്‍ഷന്‍ ആണ് അദ്ദേഹം ചെയ്തത്. എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
ഒന്നാമത് ഈ സിനിമയ്ക്ക് ഒരു ഡയലോഗും എഴുതിയിട്ടില്ല. സീന്‍ ഓര്‍ഡര്‍മാത്രം വെച്ചിട്ടാണ് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഡയലോഗ് ക്രിയേറ്റ് ചെയ്യുകയും എന്റെ മനസിലുള്ള കീ ഡയലോഗ്‌സ് മാത്രം പറയുകയും അതില്‍ നിന്ന് ഉണ്ടാക്കിയെടുക്കുകയുമായിരുന്നു. അതില്‍ സുരാജേട്ടന്റെ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതാണ്. അതേപോലെ തന്നെ എന്താണോ ഞാന്‍ നിമിഷയില്‍ നിന്ന് പ്രതീക്ഷിച്ചത് അതിനേക്കാളെറെ നിമിഷ ചെയ്തു. നിമിഷയെ കൊണ്ട് ഒരുപാട് അടുക്കളപ്പണികള്‍ ഈ സിനിമയില്‍ ചെയ്യിപ്പിട്ടിട്ടുണ്ട്. ചിത്രത്തില്‍ ഇവര്‍ രണ്ടുപേരുടെയും മികച്ച പെര്‍ഫോമന്‍സും കെമിസ്ട്രിയും നിങ്ങള്‍ക്ക് കാണാന്‍ പറ്റും’, ജിയോ ബേബി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക