അന്ന് ബിജുവിന്റെ കൂടെ അഭിനയിക്കാന്‍ ആസിഫ് ഒഴികെ ആരും തയാറായില്ല, ഇന്നത്തെ ബിജുവായിരുന്നെങ്കില്‍ അവരെല്ലാം വരുമായിരുന്നു: ജിബു ജേക്കബ്
Entertainment news
അന്ന് ബിജുവിന്റെ കൂടെ അഭിനയിക്കാന്‍ ആസിഫ് ഒഴികെ ആരും തയാറായില്ല, ഇന്നത്തെ ബിജുവായിരുന്നെങ്കില്‍ അവരെല്ലാം വരുമായിരുന്നു: ജിബു ജേക്കബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th March 2023, 1:56 pm

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് വെള്ളിമൂങ്ങ. ചിത്രത്തില്‍ ബിജു മേനോന്റെ കൂടെ സപ്പോര്‍ട്ടിങ് റോള്‍ ചെയ്യാന്‍ ആരും തയാറായില്ല എന്ന് പറയുകയാണ് സംവിധായകന്‍ ജിബു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാന്‍ അജു വര്‍ഗീസിനെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ അതിഥി വേഷത്തിലെത്തിയത് നടന്‍ ആസിഫ് അലിയായിരുന്നു. ആ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി മറ്റ് ഒരുപാട് നടന്മാരെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ബിജു മേനോന്‍ ആയതുകൊണ്ടാണ് ആരും വരാതിരുന്നതെന്നും ഇന്നായിരുന്നെങ്കില്‍ അവരെല്ലാം അഭിനയിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘വെള്ളിമൂങ്ങയില്‍ ശരിക്കും അജുവിനെ ആയിരുന്നില്ല വിളിക്കാനിരുന്നത്. വേറെ ആര്‍ട്ടിസ്റ്റുകളെയൊക്കെ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. ബിജുവിന്റെ കൂടെ അഭിനയിക്കാന്‍ ആരും തയാറായിരുന്നില്ല. നമ്മള്‍ ചെറിയ ഹീറോസിനെയൊക്കെയാണ് ആദ്യം നോക്കിയത്.

അങ്ങനെയാണ് അജുവിലേക്ക് എത്തുന്നത്. കഥ പറഞ്ഞപ്പോള്‍ തന്നെ അജുവിന് അത് കൃത്യമായി മനസിലായതുകൊണ്ടാണ് ആ റോള്‍ ചെയ്യാന്‍ തയാറായത്. അതുപോലെ തന്നെയാണ് ആസിഫ് അലിയുടെ കഥാപാത്രവും. ആ കഥാപാത്രത്തിന് വേണ്ടി ഞാന്‍ കുറേ ശ്രമിച്ചിരുന്നു.

സിനിമയില്‍ എനിക്ക് അത്രയും പരിചയമുള്ള ഒരുപാട് ആളുകള്‍ ഉണ്ടായിട്ട് പോലും ആരും തയാറായില്ല. ഇപ്പോഴത്തെ ബിജുവിന്റെ സിനിമയിലേക്ക് വിളിച്ചാല്‍ അവരെല്ലാം അഭിനയിക്കാന്‍ വരും. എന്നാല്‍ അന്നത്തെ അവസ്ഥയില്‍ അതിഥി വേഷം ചെയ്യാനൊന്നും ആരും തയാറായില്ല. ബിജുവിന്റെ താഴെ നില്‍ക്കുന്നതാണല്ലോ അജുവിന്റെ കഥാപാത്രം.

ആരും അവരുടെ വളര്‍ച്ചയില്‍ താഴേക്ക് പോകാന്‍ ആഗ്രഹിക്കുകയില്ലല്ലോ. ഏത് നടനാണെങ്കിലും അങ്ങനെ തന്നെയാണ്. അവിടെയാണ് ആസിഫിനെ പോലെയുള്ളവര്‍ ഹീറോയായി നില്‍ക്കുമ്പോഴും ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ശരിക്കും ബിജുവിന് വേണ്ടിയാണ് ആസിഫ് അത് ചെയ്തത്.

ആ കഥാപാത്രം ചെയ്യാമോ എന്ന് ആസിഫിനെ വിളിച്ച് ചോദിക്കുന്നത് ബിജു തന്നെയാണ്. അതാണ് ആസിഫിനെ പോലെയുള്ളവരുടെ ക്വാളിറ്റി. ബിജുവും ഇതുപോലെ ആസിഫിന്റെ സിനിമയില്‍ അഭിനയിക്കാറുണ്ട്,’ ജിബു ജേക്കബ് പറഞ്ഞു.

content highlight: director jibu jacob about vellimoonga movie