ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം നിരൂപക പ്രശംസയ്ക്കൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയിലെ പോലെതന്നെയാണ് കേരളത്തിലെ ഭൂരിഭാഗം അടുക്കളകളുമെന്ന് പറയുകയാണ് ജിയോ ബേബി. അതങ്ങനെയാണെന്നും അല്ലെന്ന് തെളിയിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിറങ്ങിയ സമയത്ത് താന്‍ കുറെ ചോദ്യങ്ങള്‍ കേട്ടെന്നും എന്നാല്‍ കേരളത്തിലെ മിടുക്കരായ സ്ത്രീകളും ബുദ്ധിയുള്ള പുരുഷന്മാരും അതിന് മറുപടി കൊടുത്തതുകൊണ്ട് തനിക്ക് കൊടുക്കേണ്ടി വന്നില്ലായെന്നും ജിയോ ബേബി പറയുന്നു.
എഴുപതുകളിലുള്ള അടുക്കള താന്‍ 2018ല്‍ പോയി ഷൂട്ട് ചെയ്യില്ലെന്നും നന്നായി അന്വേഷിച്ചിട്ട് ചെയ്തതാണതെന്നും അദ്ദേഹം പറയുന്നു. എന്റെയോ നിങ്ങളുടെയോ വീട്ടില്‍ അതുപോലെയല്ലെന്ന് കരുതി കേരളത്തിലെ എല്ലാ അടുക്കളകളും അതുപോലെയല്ലെന്ന് പറയരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അടുക്കളപോലെയുള്ള അടുക്കളകള്‍ ഉണ്ടോയെന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയിലെ പോലെതന്നെയാണ് കേരളത്തിലെ ഭൂരിഭാഗം അടുക്കളകളും. നമ്മള്‍ ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വരെ അതെ. അതങ്ങനെയാണ്. അല്ലെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ല.
ഈ ചോദ്യം സിനിമ ഇറങ്ങിയ സമയത്ത് പോസ്റ്റുകള്‍ വഴിയും കമന്റുകള്‍ വഴിയും എനിക്ക് കിട്ടിയിരുന്നു. എന്നാല്‍ അതിന്റെ മറുപടി എനിക്ക് എഴുതി ഇടേണ്ടി വന്നിട്ടില്ല. കാരണം ഈ നാട്ടിലുള്ള പെണ്ണുങ്ങളും നല്ല ബോധമുള്ള ആണുങ്ങളുമൊക്കെ അവര്‍ക്ക് മറുപടി കൊടുത്തിരുന്നു. ഇത്തരം കമന്റുകള്‍ക്ക് അവര്‍ കൊടുത്ത മറുപടി, വരൂ എന്റെ വീട്ടിലേക്ക് വരൂ ഞാന്‍ കാണിച്ച് തരാം എന്നുള്ളതായിരുന്നു.
എഴുപതുകളിലുള്ള അടുക്കള ഞാന്‍ 2018ല്‍ പോയി ഷൂട്ട് ചെയ്യില്ല. ഞാന്‍ അത്രത്തോളം അന്വേഷിച്ചിട്ട് എടുത്തതാണത്. അങ്ങനെ ഉള്ള അടുക്കള സത്യമല്ല എന്ന് പറയരുത്. ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍ ഇല്ലായിരിക്കാം, എന്റെ വീട്ടിലും അങ്ങനെ അല്ലായിരിക്കും എന്നാല്‍ അതില്ല എന്ന് പറയരുത്. കേരളത്തിലെ ഭൂരിഭാഗം അടുക്കളകളും അങ്ങനെയാണ്,’ ജിയോ ബേബി പറയുന്നു.
Content Highlight: Director Jeo Baby Talks About The Great Indian Kitchen