കാതല്‍ സിനിമയില്‍ മമ്മൂട്ടി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. ഒരുപാട് സമയമെടുത്ത് വായന നടന്നതിന് ശേഷം ഒരു സംശയവും ഇല്ലാതെ മമ്മൂക്ക ചെയ്യാം എന്ന് സമ്മതിച്ച ചിത്രമാണ് കാതലെന്ന് ജിയോ ബേബി പറയുന്നു. മമ്മൂട്ടി സിനിമയിലേക്ക് വരാം എന്ന് സമ്മതിച്ചതിന് ശേഷം ഏഴു മാസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെന്നും മറ്റ് പ്രൊജക്ടുകള്‍ മാറ്റിവെച്ചാണ് അദ്ദേഹം കാതല്‍ ചെയ്തതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് തന്നെ കാതലിലേക്ക് കാസ്റ്റ് ചെയ്തതെന്ന് മമ്മൂട്ടി ഒരിക്കല്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയെ പോലെ ഒരു നടനെയും സിനിമയെ മനസിലാക്കുന്ന സെന്‍സിബിള്‍ ആയിട്ടുള്ള മനുഷ്യനെയും കാതലിന് ആവശ്യമായിരുന്നെന്ന് താന്‍ മറുപടി നല്‍കിയെന്നും ജിയോ ബേബി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുപാട് സമയമെടുത്തിട്ടാണ് കാതലിന്റെ വായന തന്നെ നടക്കുന്നത്. ആദര്‍ശും പോള്‍സണും മാറി മാറിയാണ് ഓരോ സീനും വായിക്കുന്നത്. അങ്ങനെ കേട്ടിട്ടാണ് മമ്മൂക്ക ഓക്കേ പറയുന്നത്. ഒരു സംശയും ഇല്ലാതാക്കിയാണ് അദ്ദേഹം സിനിമ ചെയ്യാമെന്ന് സമ്മതിക്കുന്നത്. പെട്ടന്നുതന്നെ സംഭവിച്ച സിനിമയാണത്.
എനിക്ക് തോന്നുന്നത് മമ്മൂക്കയെ മീറ്റ് ചെയ്ത് ആറോ ഏഴോ മാസത്തിനുള്ളില്‍ ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെന്നാണ്. അദ്ദേഹം വേറെ പ്രൊജക്ടുകള്‍ മാറ്റി വെച്ചിരുന്നു. ആദ്യം തുടങ്ങേണ്ടിയിരുന്ന കണ്ണൂര്‍ സ്‌ക്വാഡ് ഇത് കഴിഞ്ഞിട്ട് തുടങ്ങാം എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം കാതല്‍ ചെയ്തതെന്നാണ് എന്റെ ഒരു അറിവ്.
ഒരു ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കാതല്‍ ചെയ്യാന്‍ തോന്നിയിട്ടുണ്ട്. അദ്ദേഹം എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞത് ഇതിന് മമ്മൂക്കയെ പോലെ ഒരു ആക്ടറിനെ വേണം, പിന്നെ ഈ സിനിമയെ മനസിലാക്കുന്ന ഒരു സെന്‍സിബിള്‍ ആയിട്ടുള്ള മനുഷ്യനെയും വേണമെന്നാണ്,’ ജിയോ ബേബി പറയുന്നു.
Content Highlight: Director Jeo Baby Talks About Casting Of Mammootty In Kaathal Movie