ആ മൂന്ന് നടിമാര്‍ പുതിയ കാലത്തെ നായികമാരാണ്; നന്ദിയുള്ളത് പ്രേക്ഷകരോട്‌: ജിയോ ബേബി
Entertainment
ആ മൂന്ന് നടിമാര്‍ പുതിയ കാലത്തെ നായികമാരാണ്; നന്ദിയുള്ളത് പ്രേക്ഷകരോട്‌: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 9:18 am

മലയാള സിനിമയിലെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. പ്രേമലുവിലെ മമിതയും കിഷ്‌കിന്ധ കാണ്ഡത്തിലെ അപര്‍ണയും അജയന്റെ രണ്ടാം മോഷണത്തിലെ സുരഭിയും പുതിയ കാലത്തെ നായികമാരായിട്ടാണ് നില്‍ക്കുന്നതെന്നും അവര്‍ ആരുടേയും അടിമകള്‍ അല്ലെന്നും ജിയോ ബേബി പറയുന്നു. ഒരു കാലത്ത് സിനിമ ആളുകളെ തെറ്റായ രീതിയിലാണ് ഇന്‍ഫ്‌ലുവെന്‍സ് ചെയ്തിരുന്നതെന്നും എന്നാല്‍ ഇന്ന് നല്ല രീതിയിലാണ് സിനിമ ആളുകളുടെ ഇടയിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയെ പുറത്തുള്ളവര്‍ അത്ഭുതത്തോടെയാണ് നോക്കികാണുന്നതെന്നും ഇവിടെ എല്ലാത്തരത്തിലുമുള്ള സിനിമ ചെയ്താലും ആളുകള്‍ കാണുമല്ലോയെന്ന് അവര്‍ പറയാറുണ്ടെന്നും ജിയോ ബേബി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രേമലുവിലെ നായികയെ എടുത്ത് നോക്കിയാലും കിഷ്‌കിന്ധ കാണ്ഡത്തിലെ അപര്‍ണ ആയാലും അജയന്റെ രണ്ടാം മോഷണത്തിലെ സുരഭി ആയാലും എല്ലാവരും പുതിയ കാലത്തെ നായികമാരായിട്ട് തന്നെയാണ് നില്‍ക്കുന്നത്. അവര്‍ ആരുടേയും അടിമയായിട്ടല്ല നില്‍ക്കുന്നത്.

നമ്മുടെ പിള്ളേരെയൊക്കെ ഇത് നല്ല രീതിയില്‍ ബാധിക്കുന്നുണ്ട്. ഒരു കാലത്ത് സിനിമ തെറ്റായരീതിയിലാണ് ആളുകളെ ഇന്‍ഫ്‌ലുവെന്‍സ് ചെയ്തിട്ടുള്ളതെങ്കില്‍ ഇത് ഒരു തരത്തിലുള്ള തിരുത്തലാണ്. ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ സിനിമകളിലും അത് സംഭവിക്കുന്നു.

നമ്മുടെ എല്ലാ സിനിമകളും ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ അത്ഭുതോടെയാണ് ആളുകള്‍ നമ്മുടെ ഇന്‍ഡസ്ട്രിയെ കാണുന്നത്. നമ്മള്‍ ബോംബെയില്‍ ഒക്കെ പോകുമ്പോള്‍ അവിടെ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ പറ്റുമല്ലോ, നിങ്ങളുടെ പ്രേക്ഷകര്‍ എല്ലാം കാണുമല്ലോ എന്നൊക്കെയാണവര്‍ പറയുന്നത്. ഇപ്പോള്‍ ഭ്രമയുഗവും കിഷ്‌കിന്ധ കാണ്ഡവും പോലെയുള്ള സിനിമകള്‍ എങ്ങനെയാണ് ഇത്രയും സക്സസ് ആകുന്നത് എന്നോര്‍ത്ത് വണ്ടര്‍ അടിച്ചിരിക്കുന്ന ആളുകള്‍ അവിടെയുണ്ട്.

അജയന്റെ രണ്ടാം മോഷണം പോലെ ഒരു ഫാന്റസി ചിത്രവും കിഷ്‌കിന്ധ കാണ്ഡം പോലെ ഒരു സൈക്കോളജി ത്രില്ലര്‍ സിനിമയും ഒരേ സമയം തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. അതിന്റെ എല്ലാം നന്ദിയുള്ളത് പ്രേക്ഷകരോടാണ്,’ ജിയോ ബേബി പറയുന്നു.

Content Highlight: Director Jeo Baby Talks About Actresses Of Malayala cinema