രാഷ്ട്രീയ നിലപാടുകളടങ്ങിയ കണ്ടെന്റുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ജിയോ ബേബി. രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയിലൂടെയാണ് ജിയോ ബേബി ചലച്ചിത്ര രംഗത്തേക്കെത്തിയത്. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസിനൊപ്പവും ജിയോ ബേബി വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഒരു നടനെന്ന നിലയില്‍ ടൊവിനോയുടെ യാത്രക്ക് മറ്റ് പല നടന്മാരുടെയും കരിയറിനേക്കാള്‍ ത്രില്ലുണ്ടെന്ന് പറയുകയാണ് ജിയോ ബേബി. ഡൂള്‍ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.
‘കിലോമീറ്റേഴ്‌സ് ചെയ്യുമ്പോള്‍ ഞാന്‍ ടൊവിനോയോട് പറഞ്ഞതാണ്. ടോവി ഇവിടം വരെ എത്തിയതില്‍ ഒരു ത്രില്ലുണ്ടെന്ന്. ഒരാള്‍ ജോലിയും വലിച്ചെറിഞ്ഞ്, ഒരു ഗ്യാരണ്ടിയുമില്ലാത്ത പരിപാടിക്കായി ഇറങ്ങിത്തിരിക്കുന്നു. അയാളുടെ കോണ്‍ഫിഡന്‍സ് ലെവലിനെ നമ്മള്‍ അംഗീകരിക്കണം.
മറ്റ് പലരും പലകാരണങ്ങള്‍കൊണ്ട് നടന്മാരായതാണ്. അവര്‍ നിലനില്‍ക്കുന്നത് ചിലപ്പോള്‍ അവരുടെ കഴിവുകൊണ്ടായിരിക്കും. എന്നാല്‍ ടൊവിനോയുടെ വരവ് തന്നെ ഒരു മാസാണ്,’ ജിയോ ബേബി പറഞ്ഞു.
ടൊവിനോയുടെ സിനിമ സെലക്ഷന്‍ ഒരു സുഹൃത്തെന്ന നിലയില്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ടൊവിനോ ആനയായി അഭിനയിച്ച ഒരു കാര്‍ട്ടൂണുണ്ടെന്നും ജിയോ ബേബി പറഞ്ഞു.
‘ചെറിയ കുഞ്ഞു സിനിമയിലൂടെ വന്നവനാണ് ടൊവിനോ. എന്റെ മോന്‍ കണ്ടിരുന്ന ഒരു ആല്‍ബമുണ്ട്, ഒരു ആനയുടെ പാട്ട്, മകന് ആനയെ വലിയ ഇഷ്ടമാണ്. ഞാന്‍ നോക്കുമ്പോ അതില്‍ ടൊവിനോ. ടൊവിനോ ആനയായി അഭിനയിച്ച ഒരു കാര്‍ട്ടൂണുണ്ട്. അവിടുന്നൊക്കെ ഈ മനുഷ്യന്‍ വലിയ നടനായെങ്കില്‍ അത് കിടിലന്‍ പരിപാടിയാണ്.
ടൊവിനോ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടാകാം, എന്നിരുന്നാലും ആ സിനിമ നമ്മള്‍ നോക്കുകയാണെങ്കില്‍ ടൊവി ആ സിനിമ എന്തുകൊണ്ട് ചെയ്തു എന്ന് മനസിലാകും. അദ്ദേഹം ചെയ്ത എല്ലാ സിനിമകളും ഏതെങ്കിലും തരത്തില്‍ പ്രാധാന്യമുള്ള സിനിമകളായിരിക്കും,’ ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജിയോ ബേബി സംവിധാനം ചെയ്ത പുതിയ ചിത്രം ശീധന്യ കാറ്ററിങ് സര്‍വീസ് മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ശ്രീധന്യ കാറ്ററിങ്ങ് സര്‍വീസിനുണ്ട്.
സുമേഷ് മൂര്‍, പ്രശാന്ത് മുരളി ജിനു ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഇവര്‍ക്കുപുറമെ സംവിധായകനായ ജിയോ ബേബിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സാലു കെ. തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബേസില്‍ സി.ജെ. മാത്യൂസ് പുളിക്കന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ലൂയിസാണ്.