സിനിമയുടെ അവസാനത്തെ കുറിച്ചുള്ള വിമര്‍ശനം അംഗീകരിക്കുന്നു, പക്ഷേ സുരാജിന്റെ സീന്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു; സംവിധായകന്‍ ജിയോ ബേബി
Entertainment news
സിനിമയുടെ അവസാനത്തെ കുറിച്ചുള്ള വിമര്‍ശനം അംഗീകരിക്കുന്നു, പക്ഷേ സുരാജിന്റെ സീന്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു; സംവിധായകന്‍ ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th January 2021, 10:30 pm

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം നീം സ്ട്രീം എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസ് ചെയ്തത്.

ജിയോ ബേബിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയാണ് സിനിമയെ കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്.

ചിത്രത്തിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിനെ കുറിച്ചും ചില ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.

ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ ചിത്രത്തില്‍ വേണ്ടിയിരുന്നോ എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്ന്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി നിലപാട് തുറന്നുപറഞ്ഞത്. ചിത്രത്തില്‍ അവസാനത്തില്‍ നിമിഷയുടെ ഡാന്‍സ് ക്ലാസ് രംഗങ്ങള്‍ വന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നെന്നും ഈ രംഗത്തിന് വിമര്‍ശനങ്ങള്‍ വരാമെന്ന് നേരത്തെ തോന്നിയിരുന്നതായും ജിയോ ബേബി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം സുരാജിന്റെ അവസാനരംഗം എന്ത് തന്നെയായാലും ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നും അത് കാണിക്കേണ്ടത് ആവശ്യമായിരുന്നെന്നും ജിയോ ബേബി ഡൂള്‍ന്യൂസ് അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീസ്ട്രീം ഒ.ടി.ടി വഴിയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം കൂടിയാണ്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Jeo Baby talk about last scenes in  The Great Indian Kitchen’ movie