| Monday, 1st November 2021, 10:02 pm

ജോര്‍ജു ജോര്‍ജ് ചെയ്തതും സമരമാണ്; ഇന്ധനവില നിര്‍ണയാധികാരം കമ്പനികള്‍ക്ക് കൊടുത്ത കോണ്‍ഗ്രസിന് സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ജിയോ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വഴിതടയല്‍ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ചും സംവിധായകന്‍ ജിയോ ബേബി.

ഇന്ധന വില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിനു ഇങ്ങനെ പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ജിയോ ബേബി ചോദിച്ചു.

സമരം ചെയ്തു തന്നെയാണ് ഇവിടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളതെന്നും ഇന്ന് ജോര്‍ജു ജോര്‍ജ് ചെയ്തതും സമരം തന്നെയാണെന്നും ജിയോ ബേബി പറഞ്ഞു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചുകൊണ്ടുള്ള സമരം പ്രാകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Director Jeo Baby slammed Congress and supported actor Jojo George

We use cookies to give you the best possible experience. Learn more