| Wednesday, 31st August 2022, 10:52 pm

മമ്മൂട്ടിയില്‍ ഒരു മാജിക്കുണ്ട്; സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അത് മമ്മൂക്ക ചെയ്താലെ ശരിയാവൂ എന്ന് തോന്നിപ്പോയത് അതുകൊണ്ടാണ്: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബി തിരക്കഥയും, സംവിധാനവും നിര്‍വഹിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വീസ്. വലിയ രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാന്‍ ഒത്തുകൂടുന്ന ആണ്‍കൂട്ടത്തിന്റെ ആഘോഷരാവും, അതിനിടെ നടക്കുന്ന തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം.

മമ്മൂട്ടിയുമായുള്ള തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ശ്രീധന്യ കാറ്ററിങ് സര്‍വീസിന്റെ പ്രൊമോഷന്‍ വേളയില്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞിരുന്നു.

‘മമ്മൂട്ടിയുമായാണ് എന്റെ അടുത്ത സിനിമ. എന്റെ കൂട്ടുകാര്‍ രണ്ടുപേര്‍ ചേര്‍ന്നാണ് സിനിമയുടെ കഥ എഴുതുന്നത്. അത്ര മാത്രമേ സിനിമയെ കുറിച്ചിപ്പോള്‍ പറയാന്‍ സാധിക്കൂ, ഞങ്ങള്‍ എഴുത്തിലാണ്. മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റും സന്തോഷവുമുണ്ട് പക്ഷെ ടെന്‍ഷനില്ല. ഉത്തരവാദിത്തമാണ് ടെന്‍ഷനേക്കാളുള്ളത്,’ എന്നാണ് ജിയോ ബേബി പറഞ്ഞത്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഏത് സിനിമ എടുത്ത് നോക്കിയാലും ഒരുതരം മാജിക്കുണ്ട്, അതുകൊണ്ടാണ് നമ്മള്‍ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അത് മമ്മൂക്ക ചെയ്‌തെങ്കിലെ ശരിയാവൂ എന്ന് തോന്നിപ്പോകുന്നതെന്ന് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കിയിരിക്കുകയാണ് ജിയോ ബേബി.

മമ്മൂട്ടി എന്ന നടനില്‍ ജിയോ ബേബി എന്ന സംവിധായകനെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന ഡൂള്‍ന്യൂസ് അഭിമുഖത്തില്‍ അന്ന കീര്‍ത്തി ജോര്‍ജിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കൊവിഡ് സമയത്താണ് ഞാന്‍ എല്ലാ കെ.ജി. ജോര്‍ജ് സിനിമകള്‍ കാണുന്നത്. അതില്‍ ഏറ്റവും അവസാനം കണ്ടത് മേള എന്ന സിനിമയാണ്. മമ്മൂട്ടിയാണ് അതിലെ പ്രധാന കഥാപാത്രം. സര്‍ക്കസുകാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അതില്‍ മമ്മൂക്കയുടെ ഒരു ഗ്രേസുണ്ട് ക്യാരക്ടറിന്. നമുക്ക് ചിലരെ മാത്രമേ അങ്ങനെ കാണാന്‍ പറ്റൂ.

അതിന് ശേഷം ഞാന്‍ ഐ.വി. ശശി-എം.ടി കൂട്ടുകെട്ടിലെ അക്ഷരങ്ങള്‍ എന്നൊരു പടം കണ്ടു. ആ സിനിമയില്‍ മമ്മൂട്ടി പല പ്രായങ്ങളിലുള്ള വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുള്ള സിനിമയാണത്. മേള കണ്ടപ്പോള്‍ എന്റെ കിളി പോയി.

എന്റെ മോന്‍ എല്ലാ ദിവസവും കഥ കേട്ടിട്ടാണ് ഉറങ്ങുന്നത്. ഞാന്‍ മമ്മൂട്ടിയുടെ സിനിമയുടെ കഥകളാണ് പറയുന്നത്. കൗരവര്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മോന് ഭയങ്കര വിഷമമായി.

അഴകിയ രാവണനിലെ ശങ്കര്‍ ദാസിനെയൊക്കെയാണ് ഞാന്‍ ഓര്‍ത്തെടുക്കുന്നത്. അയാള്‍ വന്ന് പുഴുവിലെ കുട്ടനാകുന്നു. ഏത് സിനിമ എടുത്ത് നോക്കിയാലും ഒരുതരം മാജിക്കുണ്ട് മമ്മൂട്ടിയില്‍. അതുകൊണ്ടാണ് നമ്മള്‍ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അത് മമ്മൂക്ക ചെയ്‌തെങ്കിലെ ശരിയാവൂ എന്ന് തോന്നിപ്പോകുന്നത്.

ഒരുപാട് പുതുമുഖങ്ങളുടെ കൂടെ ഞാന്‍ വര്‍ക് ചെയ്തിട്ടുണ്ടെങ്കിലും എന്നെ ഇപ്പോഴും എക്‌സൈറ്റ് ചെയ്യിക്കുന്ന ആകടിങ് ആണ് മമ്മൂക്കയുടേത്,’ ജിയോ പറഞ്ഞു.

Content Highlight: Director Jeo baby’s Reaction about Actor Mammooty and his acting

We use cookies to give you the best possible experience. Learn more