| Sunday, 26th December 2021, 11:01 pm

'തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണ്'; എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനെ പരിഹസിച്ച് ജിയോ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനെ പരിഹസിച്ച് സംവിധായകന്‍ ജിയോ ബേബി. അങ്ങനെ തീവ്രമായ അന്വേഷണത്തിനോടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും എന്ന വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് സമൂഹ മാധ്യമങ്ങളിലുയരുന്നത്.

എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്കെത്തുന്ന വാര്‍ത്തയ്ക്കൊപ്പം ശ്രീകുമാര്‍ ബി.ജെ.പിക്ക് അനുകൂലമായി രംഗത്തു വന്നിരുന്നതിന്റെ വാര്‍ത്തകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

കുമ്മനടിക്കാന്‍ കുമ്മോജിക്ക് ഒരുപാട് പാടിനടന്നതിന് ഇടതു സര്‍ക്കാര്‍ എം.ജി. ശ്രീകുമാറിന് തളികയില്‍ വെച്ചു നല്‍കിയതാണ് പുതിയ ചുമതലയെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലായ മാക് അസാദില്‍ പറയുന്നത്.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായി എം ജി ശ്രീകുമാര്‍ നിയമിതനാവും. സഖ്യകക്ഷിയായ ബി.ജെ.പി യുടെ നോമിനിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. നമോ നമസ്തേ… ജയ്പതാകേ..ധ്വജ സലാം…എന്നായിരുന്നു സഹില്‍ മണ്ഡലത്തില്‍ എന്നയാളുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

മോദിജിയുടെ കൈകള്‍ക്ക് ശക്തി പകരാനും കേരളമാകെ താമര വിരിയിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ പുതിയ സംഗീത നാടക അക്കാദമി അധ്യക്ഷനായി എം.ജി. ശ്രീകുമാറിനെ നിയമിച്ചതെന്നതരത്തിലാണ് പ്രമോദ് പുഴങ്കര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സംസ്ഥാന ഭരണം പിടിച്ചെടുക്കത്തിട്ട് അക്കാദമികള്‍ നിയന്ത്രിക്കാന്‍ മാത്രമേ ജനങ്ങള്‍ ബി.ജെ.പിയെ സമ്മതിക്കാത്തതെന്നും താമര കര്‍ഷകരോട് എതിര്‍പ്പില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

എന്തുകൊണ്ടായിരിക്കാം രഞ്ജിത്തും ശ്രീകുമാറുമൊക്കെ ഇടതുപക്ഷ നേതൃത്വത്തിനു സ്വീകാര്യരാകുന്നതെന്ന് പ്രമോദ് ചോദിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് തമ്മില്‍ പുത്തന്‍ അധികാരവര്‍ഗ്ഗത്തിന്റെ പാരസ്പര്യവും സാഹോദര്യവുമുണ്ട്. കൊലാപതക വലതുപക്ഷ രാഷ്ട്രീയത്തിന് സ്തുതി പാടിയ ഒരാളെ ഒരു മതേതര സമൂഹത്തിലെ സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനത്തിന്റെ മേധാവിയായി ചുമതലപ്പെടുത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ സിനിമ രംഗത്തുള്ളവരെ ചുമലതയേല്‍പ്പിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും എന്നാല്‍ നാടക അക്കാദമിയിലേക്ക് എന്തിനാണ് ഇടതു സര്‍ക്കാര്‍ സിനിമ മേഖലയിലുള്ളവരെ വെക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

സവര്‍ണ്ണ പ്രതിലോമതയുടെയും സ്ത്രീവിരുദ്ധതയുടെ ചലച്ചിത്രകാരന്‍ എന്ന് നിസംശയം വിളിക്കാവുന്ന രഞ്ജിത്തിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചിരുത്തിയത് ഈ പുത്തന്‍ വര്‍ഗത്തിന്റെ തെളിവുകളാണെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

ഈ പുത്തന്‍ വര്‍ഗത്തിന്റെ കാര്യത്തില്‍ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുകയേയില്ല, ഇതാണവരുടെ സ്വാഭാവിക രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

തിരകഥാകൃത്തും സംവിധായകനുമായ രഞ്ജിത്താണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നത്. എം.ജി. ശ്രീകുമാറിനും രഞ്ജിത്തിനും പുതിയ ചുമതലകള്‍ നല്‍കുന്നത് സി.പി.ഐ.എം സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ്.

ഇതുസംബന്ധിച്ച് നാളെ ഉത്തരവിറങ്ങും. സംവിധായകന്‍ കമലാണ് നിലനിലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കെ.പി.എ.സി. ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Director Jeo Baby mocks government’s decision to make M.G. Sreekumar chairman of Sangeetha Nataka Academy

We use cookies to give you the best possible experience. Learn more