| Thursday, 28th January 2021, 4:45 pm

'ഒരു തവണയെങ്കിലും തുറന്നു സംസാരിക്കാമായിരുന്നില്ലേ?'; നിമിഷയുടെ കഥാപാത്രത്തിന്റെ ഡിവോഴ്‌സ് ബാലിശമായെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പുരുഷാധിപത്യത്തെ കുറിച്ചും അടുക്കള പറയുന്ന രാഷട്രീയത്തെ കുറിച്ചും വിപുലമായ ചര്‍ച്ചകളാണ് നടക്കുന്നത്. അതേസമയം സിനിമയില്‍ നിമിഷയുടെ കഥാപാത്രം ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യുന്നത് ബാലിശമായ കാരണങ്ങളുടെ പുറത്താണെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിലെ നിമിഷയുടെ കഥാപാത്രം വിവാഹമോചനം ചെയ്യാനുള്ള സാഹചര്യത്തെ കുറിച്ചുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ഒരു കൗണ്‍സിലിംഗ് കൊടുത്തിരുന്നെങ്കിലോ, നിമിഷ തുറന്നു സംസാരിച്ചിരുന്നെങ്കിലോ തീരാമായിരുന്ന കുറവുകളല്ലേ സുരാജിന്റെ കഥാപാത്രത്തിനുണ്ടായിരുന്നതും വളരെ ബാലിശമായ കാരണങ്ങളുടെ പുറത്തായിപ്പോയല്ലേ ആ ഡിവോഴ്‌സ് എന്നു തോന്നുന്നുണ്ടോ എന്നുമായിരുന്നു ജിയോയുടുള്ള അവതാരകന്റെ ചോദ്യം.

‘ഇത്തരം ജീവിതങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകുക തന്നെ വേണം. ഒരുമിച്ചിരിക്കാനുള്ള സാധ്യത ആ വീട്ടിലില്ല. അവള്‍ക്ക് തുറന്നുപറഞ്ഞാല്‍ മതിയായിരുന്നില്ലേ, വളരെ സൗമ്യരായ ആള്‍ക്കാരല്ലേ എന്നെല്ലാം പുറത്തുനോക്കുമ്പോള്‍ തോന്നും. പക്ഷെ അവിടെ അതിനുള്ള സ്‌പേസില്ല.

ഹോട്ടലില്‍ വെച്ച് സംസാരിക്കുമ്പോഴുള്ള സീനില്‍ ആരാണ് തെറ്റ് ചെയ്യുന്നതെന്നും പിന്നീട് ആരാണ് സോറി പറയുന്നതെന്നും നമുക്ക് അറിയാം. ബന്ധങ്ങളില്‍ തുറന്നുപറയാനും സംസാരിക്കാനുമുള്ള സാഹചര്യം അവിടെയില്ല.

ഫോര്‍പ്ലേയെ പറ്റി സംസാരിക്കുമ്പോള്‍ പോലും അങ്ങനെ മറുപടി പറയുന്ന ഒരു ഭര്‍ത്താവാണ്. അന്ന്, ആ നിമിഷത്തില്‍, വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണമായിരുന്നു അവള്‍. പക്ഷെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്.

ഒരു കൗണ്‍സിലിംഗ് കഴിഞ്ഞാലും എന്ത് മാറ്റമാണ് വരാന്‍ പോകുന്നത്. അയാളും അച്ഛനും വല്യച്ഛന്റെ മകനുമെല്ലാം സിസ്റ്റത്തിന്റെ ഭാഗമാണ്. ഇവര്‍ സ്വയം തീരുമാനിച്ച് മാറുക എന്നേയുള്ളു. ആ കുടുംബത്തില്‍ നിന്നും ഇവര്‍ രണ്ടു പേരും കൂടെ ഒന്നിച്ചൊരു കൗണ്‍സിലിംഗിന് പോകുമെന്ന് പോലും ഞാന്‍ കരുതുന്നില്ല.’

മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീ സ്ട്രീമിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്. കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’.
സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Jeo Baby about the reasons for divorce in The Great Indian Kitchen

We use cookies to give you the best possible experience. Learn more