മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. അതേസമയം നിരവധി വിമര്‍ശനങ്ങളും സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. എങ്കിലും അടുക്കള പ്രമേയമായി എടുത്ത ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു.
ഒരു തവണ കൂടി ഈ ചിത്രം എടുക്കാന്‍ ഒരു അവസരം ലഭിച്ചിരുന്നെങ്കില്‍ എന്തുമാറ്റമാവും ചിത്രത്തില്‍ കൊണ്ടുവരികാന്‍ കഴിയുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. അത് മറ്റൊന്നുമല്ല ചിത്രത്തില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ മാറ്റം കൊണ്ടുവരാന്‍ താന്‍ തയ്യാറാകുമായിരുന്നെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പ്രതികരിച്ചിരിക്കുന്നത്.
‘ ധൈര്യത്തോടെ ഇറങ്ങിപ്പോകാന്‍ പറ്റുന്ന അന്തരീക്ഷമുള്ളയാളാണ് എന്റെ ചിത്രത്തിലെ നായിക. പണവും എവിടെ ചെന്നാലും ജോലി ലഭിക്കാനും തക്കതായ കഴിവുമുണ്ട്. ഇതുരണ്ടുമില്ലാത്ത ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ എന്തുചെയ്യുമെന്ന് ഓര്‍ത്തു നോക്കൂ. അങ്ങനെയുള്ളവര്‍ ഇപ്പോഴും ഏതോ അടുക്കളയില്‍ കിടന്ന് കിച്ചണ്‍ സിങ്കിലെ വേസ്റ്റ് വെള്ളം കോരുന്നുണ്ടാകും’, ജിയോ ബേബി പറഞ്ഞു.
ചിത്രത്തില്‍ ഫോര്‍ പ്ലേ പോലെയുള്ള വാക്കുകള്‍ മന:പൂര്‍വം ഉള്‍പ്പെടുത്തിയതാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതെ എന്നായിരുന്നു ജിയോയുടെ മറുപടി. നമ്മള്‍ കണ്ണുതുറന്ന് ചുറ്റുമൊന്ന് നോക്കിയാല്‍ മതി. നമ്മുടെ സമൂഹത്തില്‍ എത്രപേര്‍ക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നുണ്ട്? എന്നെ വിളിക്കുന്ന പല പെണ്‍കുട്ടികളും പറയുന്നുണ്ട്, ബെഡ് റൂം സീന്‍ ഉള്‍പ്പെടെ ഈ സിനിമ അവരുടെ കഥയാണ് എന്ന്’, ജിയോ പറയുന്നു.
ഇത്രയും ചര്‍ച്ചയാവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പല ദേശീയ മാധ്യമങ്ങളും എന്നെ വിളിച്ചു. കേരളത്തില്‍ മാത്രമല്ല ദല്‍ഹിയിലും മുംബൈയിലും വരെ ചിത്രം ചര്‍ച്ചയാകുന്നു. അതിലൊക്കെ സന്തോഷമുണ്ട്. അതിനൊപ്പം തന്നെ സങ്കടവുമുണ്ട്. കാരണം നിത്യവും എനിക്ക് വരുന്ന ഫോണ്‍ കോളുകള്‍, അവരെല്ലാം പറയുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകും. സിനിമയില്‍ കാണിച്ചതിന്റെ നൂറിരട്ടി വരെ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റും, ദാ ഈ നിമിഷവും ജീവിക്കുന്നുണ്ട്.
ഒരുപരിധിവരെ പഴയ ഞാന്‍ തന്നെയാണ് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത ഭര്‍ത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചുപിടിച്ചുകൊണ്ട് എന്റെ ഭാര്യയെ കൊണ്ട് ഞാന്‍ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളായാണ് ഞാന്‍. അതില്‍ നിന്നും തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസിലാകുന്നത്.’, ജിയോ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Jeo baby About The Great Indian Kitchen