| Monday, 18th January 2021, 2:16 pm

ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ പറയുന്ന സിനിമ വാങ്ങില്ലെന്നാണ് പറയുന്നത്; പ്രശ്‌നങ്ങളൊന്നുമില്ലാത്ത സിനിമ ചെയ്താല്‍ മതിയെന്ന് ഭരണകൂടവും ആവശ്യപ്പെടുന്നു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെന്‍സറിങ്ങ് എന്നത് വലിയൊരു വിഷയം തന്നെയാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലാത്ത സിനിമ ചെയ്താല്‍ മതിയെന്നാണ് ഭരണകൂടം നമ്മളോട് ആവശ്യപ്പെടുന്നതെന്നും സംവിധായകന്‍ ജിയോ ബേബി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഭരണ കൂടം നമ്മളെ ചിന്തിപ്പിക്കുകയാണ് നിങ്ങള്‍ നല്ല സിനിമ ഉണ്ടാക്കൂ, പ്രശ്‌നങ്ങളൊന്നുമില്ലാത്ത സിനിമ ഉണ്ടാക്കൂ എന്ന്. ഭരണകൂടങ്ങളും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേറ്റ്‌സുകളും ഇതാണ് ചെയ്യുന്നത്.

ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ പറയുന്ന സിനിമ ഞങ്ങള്‍ വാങ്ങിക്കുന്നില്ല എന്ന് പറയുന്നതിലൂടെ ഇനി സിനിമകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെയുള്ള സിനിമ ചെയ്യാന്‍ പൈസ മുടക്കുന്നത് എന്നാണ് അവരുടെ ചോദ്യം. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇല്ലാതാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അത്.

ഞങ്ങള്‍ക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ പറയേണ്ട എന്നാണ്. അത് നമ്മള്‍ പറയാന്‍ തന്നെയാണ് തീരുമാനം. അങ്ങനെ പറയാതിരുന്നാല്‍ അവരുടെ കാര്യങ്ങള്‍ മാത്രമായിരിക്കും നടക്കുക.

ഒരു പടത്തിനു സെന്‍സറിങ്ങ് കിട്ടുന്നില്ലെങ്കില്‍ ആ പടത്തിന്റെ ഡയറക്ടറും പ്രൊഡ്യൂസറും ഭയങ്കര ടെന്‍ഷനിലാകും. സ്വാഭാവികമായും ഇനി ഇങ്ങനൊരു പടം ചെയ്യേണ്ട എന്ന് അവര്‍ തീരുമാനിക്കും. ഇനി അടുത്ത സിനിമ ചെയ്യുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാത്ത ഒന്ന് ചെയ്യാം എന്ന് അവര്‍ കരുതും. കാരണം ഇതിന്റെയൊക്കെ പിന്നാലെ ഓടണമല്ലോ. ഇത്തരം കാര്യങ്ങള്‍ നമ്മെ മടുപ്പിച്ചു കളയുമെന്നും ജിയോ ബേബി പറഞ്ഞു.

2007ല്‍ കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍. ഞങ്ങള്‍ സ്വര്‍ഗാനുരാഗികളുടെ കഥപറയുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ഫിലിം ചെയ്തിരുന്നു. ഒരു ഫിലിം ഫെസ്റ്റിവലിന് പോവുകയും ചെയ്തിരുന്നു. എന്നാല്‍ നിങ്ങളുടെ കോളേജില്‍ നിന്ന് ഒരു മോശം സിനിമ വന്നിട്ടുണ്ടെന്ന് ഫെസ്റ്റിവല്‍ അധികൃതര്‍ കോളേജിലേക്ക് വിളിച്ചുപറഞ്ഞു.

അവരതിനെ ഏറ്റവും മോശമായ രീതിയിലാണ് ട്രീറ്റ് ചെയ്തത്. തുടര്‍ന്ന് ഞാനടക്കം നാല് പേരെ കോളേജില്‍ നിന്ന് പുറത്താക്കി. പെര്‍മിഷന്‍ ഇല്ലാതെ ഷൂട്ട് ചെയ്തു, പ്രിന്‍സിപ്പലിനെ കബളിപ്പിച്ചു, എന്നൊക്കെയായിരുന്നു എന്റെ പേരിലുള്ള കുറ്റങ്ങള്‍.

നമ്മളൊരു മീഡിയ കോളേജ് ആയതുകൊണ്ട് ഹ്രസ്വചിത്രങ്ങള്‍ ഒരുപാട് ഫെസ്റ്റിവലില്‍ പോകുന്നത് കൊണ്ട് പ്രിന്‍സിപ്പല്‍ എല്ലാം ഒരുമിച്ച് സൈന്‍ ചെയ്തുവിട്ടതായിരുന്നു. ആ കുറ്റങ്ങളൊക്കെ ഞാന്‍ ഏറ്റെടുത്തു. എന്നെ മാത്രം പുറത്താക്കി ബാക്കിയുള്ളവരെ തിരിച്ചെടുക്കണം എന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. ന്നൊല്‍ അവര്‍ നാലുപേരേയും പുറത്താക്കി.

ആ സംഭവത്തിന് ശേഷം ശരിക്കും എല്ലാം നഷ്ട്ടപെട്ടു എന്നുള്ളൊരു തോന്നലായിരുന്നു. എന്റെ വീട്ടില്‍ ഇതൊരു പ്രശ്‌നമല്ല പക്ഷെ എന്നെ വിശ്വസിച്ച് അതില്‍ എനിക്കൊപ്പം ചേര്‍ന്നകൂട്ടുകാരാണ് പ്രശ്‌നത്തിലായിപ്പോയത്. അതൊരു വല്ലാത്ത കാലമായിരുന്നു. എന്നാല്‍ അന്നത്തെ ആ ഇറക്കിവിടല്‍ ഏതൊക്കെയോ തരത്തില്‍ സിനിമാ ജീവിതത്തില്‍ ഊര്‍ജ്ജമായി എന്ന് ഇപ്പോള്‍ തോന്നുന്നു.

2007ലാണ് ഞങ്ങള്‍ സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്നത്. പിന്നീട് സുപ്രീം കോടതി അത് അംഗീകരിച്ചല്ലോ. വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളം കൊടുക്കണമെന്ന് സുപ്രീം കോടതി പറയുന്നു. നമ്മുക്ക് ഇതിന്റെയൊക്കെ കൂടെ നില്‍ക്കാന്‍ പറ്റിയല്ലോ. ഇങ്ങനെയൊക്കെ ആകുന്നതിന് മുമ്പ് നമ്മളത് സിനിമയാക്കി ആ രാഷ്ട്രീയം പറഞ്ഞല്ലോ. അതിലൊക്കെ സന്തോഷമുണ്ട്’, ജിയോ ബേബി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Jeo Baby about Film Censoring

We use cookies to give you the best possible experience. Learn more