നര്‍മം എഴുതുകയെന്നത് എളുപ്പമല്ലെന്നും ഏറ്റവും ബുദ്ധിമുട്ടുള്ള ഏരിയ കോമഡിയാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും പറയുകയാണ് ജീത്തു ജോസഫ്. നര്‍മം അഭിനയിച്ച് ഫലിപ്പിക്കാന്‍ മാത്രമല്ല ഒരു നര്‍മം നിറഞ്ഞ സ്‌ക്രിപ്റ്റുണ്ടാക്കാനും വളരെ ബുദ്ധിമുട്ടാണെന്ന് സംവിധായകന്‍ പറഞ്ഞു.
ആളുകളെ ചിരിപ്പിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നും മറ്റൊരാളെ ചിരിപ്പിക്കാനുള്ള കഴിവ് ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.
സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്. നടന്‍ രമേഷ് പിഷാരടിയുടെ സ്റ്റേജ് ഷോകള്‍ കാണാറുണ്ടെന്നും ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
‘നര്‍മം എഴുതുകയെന്നത് നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല. എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും ബുദ്ധിമുട്ടുള്ള ഏരിയയാണ് കോമഡി എന്നാണ്. അഭിനയിച്ച് ഫലിപ്പിക്കാന്‍ മാത്രമല്ല ഒരു സ്‌ക്രിപ്റ്റുണ്ടാക്കാനും വളരെ ബുദ്ധിമുട്ടാണ്.
മറ്റൊരാളെ ചിരിപ്പിക്കുകയെന്ന് പറയുന്നത് പ്രയാസമുള്ള കാര്യമാണ്. ആളുകളെ ചിരിപ്പിക്കാനുള്ള കഴിവ് ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിന് കാരണമുണ്ട്. ഞാന്‍ ഇടക്കൊക്കെ രമേഷ് പിഷാരടിയുടെ സ്റ്റേജ് ഷോകള്‍ കാണാറുണ്ട്.
അയാള്‍ സ്റ്റേജിലൊക്കെ കയറി കോമഡി വെച്ചലക്കുന്നത് കാണാം. അങ്ങനെ കാണുമ്പോള്‍ ‘എന്റമ്മേ ഇതെങ്ങനെ സാധിക്കുന്നു’വെന്നാണ് ഞാന്‍ ചിന്തിക്കാറ്. കാരണം എന്നെ കൊണ്ട് അങ്ങനെയൊന്നും പറ്റുകയേയില്ല. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍സിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അതൊക്കെ ഒരു നല്ല കഴിവ് തന്നെയാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Director Jeethu Joseph Talks About Humor