| Monday, 5th July 2021, 9:19 pm

12 th Man ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥ; ജീത്തു ജോസഫ് സംസാരിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം 2 വിന് ശേഷം മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. 12 th Man എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റും ഫുഡ് വ്‌ളോഗറും  സുഹൃത്തുമായ മൃണാള്‍ ദാസുമായി പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ജീത്തു.

എന്താണ് പുതിയ പടത്തിന്റെ വിശേഷങ്ങള്‍ ?

പടത്തിന്റെ പേര് 12 th Man എന്നാണ്. ഇത്  ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയാണ്. അഭിനേതാക്കളുടെ ലിസ്റ്റ് ഇപ്പോള്‍ പുറത്തുവിടാന്‍ ആയിട്ടില്ല. കാരണം പലരുടെയും ഡേറ്റും മറ്റും പ്രശ്‌നമായേക്കും. അതുകൊണ്ട് പൂര്‍ണമായും ആരെയും സിനിമയില്‍ ഉറപ്പിച്ചിട്ടില്ല.

ചിത്രത്തില്‍ എന്തായാലും ലാലേട്ടന്‍ ഉണ്ട്. ഇതൊരു മോഹന്‍ലാല്‍ ചിത്രമാണ്.  സിംഗിള്‍ ലൊക്കേഷന്‍ ആയിട്ടാണ് പ്രധാനമായും ചിത്രീകരണം. ഇങ്ങനെ ഒരു പാന്‍ഡമിക് സിറ്റുവേഷനില്‍ ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണിത്.

ഒരു മിസ്റ്ററി മൂവി, അല്ലെങ്കില്‍ ഒരു സസ്‌പെന്‍സ് മൂവി എന്ന് വേണമെങ്കില്‍ പറയാം.

എപ്പേഴായിരിക്കും റിലീസ് ?

ഇത്തരമൊരു മഹാമാരിക്കാലത്ത് എന്നായിരിക്കും റിലീസ് എന്ന് പറയാന്‍ സാധിക്കില്ല. എന്നാലും സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ ചിത്രീകരണം ആരംഭിക്കും. അതുകഴിഞ്ഞാല്‍ ഇതിന്റെ ഫസ്റ്റ് കോപ്പി റെഡിയാക്കി ഞാന്‍ നിര്‍മ്മാതാവിനെ ഏല്‍പ്പിക്കും. അദ്ദേഹമാണ് ചിത്രം എപ്പോള്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുക.

റാമിന്റെ അവസ്ഥയെന്താണ് ?

റാം ഇനിയും ചിത്രീകരിക്കാനുണ്ട്. ഇപ്പോഴും വിദേശത്ത് നമുക്ക് അനുമതി ലഭിച്ചിട്ടില്ല. ആദ്യ പരിഗണന എന്ന നിലയില്‍ റാം നില്‍ക്കുന്നുണ്ട്. എന്റെ ബാക്കിയുള്ള പ്രോജക്ട്  സംസാരിക്കുമ്പോള്‍ എല്ലാവരോടും ഞാന്‍  പറഞ്ഞിട്ടുണ്ട്   എപ്പോള്‍ ലൊക്കേഷന്‍ റെഡി ആവുന്നോ അപ്പോള്‍ എനിക്ക് റാം ചെയ്‌തെ പറ്റുള്ളുവെന്ന്.

അതിന്റെ ഓപ്ഷന്‍സ് നോക്കുന്നുണ്ട്. യു.കെ. പറ്റില്ലെങ്കില്‍ അതുപോലുള്ള ഒരു രാജ്യം നോക്കണം.  ഇന്ത്യയില്‍ നിന്നുള്ള ഒരു ടീമിനെ വിദേശരാജ്യങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നറിയില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എറ്റവും അടുത്ത് തന്നെ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

12 th Man ക്രൂ ആരൊക്കെയാണ് ?

ദൃശ്യം 2 വിന്റെ അതേ ക്രൂ തന്നെയാണ് ഈ സിനിമയിലും. പിന്നെ ചിത്രത്തിന്റെ തിരക്കഥ എന്റെയൊരു സുഹൃത്താണ്,  കൃഷ്ണകുമാര്‍. യഥാര്‍ത്ഥത്തില്‍ കൃഷ്ണകുമാറിന്റെ മറ്റൊരു ചിത്രമായിരുന്നു ചെയ്യാനിരുന്നത്. അത് ഈ അവസ്ഥയില്‍ ചെയ്യാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ് ഈ സ്‌ക്രിപ്റ്റിലേക്ക് തിരിഞ്ഞത്.

ചിത്രം തിയേറ്ററില്‍ ആയിരിക്കുമോ അതോ ആമസോണ്‍ പ്രൈമിലായിരിക്കുമോ  ?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ സാഹചര്യത്തിന് അനുസരിച്ചായിരിക്കും. കാര്യങ്ങള്‍ ശരിയായി വന്നാല്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. പക്ഷേ ഒന്നും തീര്‍ത്തുപറയാന്‍ പറ്റില്ല. കാരണം ഈ മഹാമാരി അങ്ങനെയാണ്.

ചിത്രത്തിന്റെ ലൊക്കേഷന്‍ എവിടെയായിരിക്കും ?

തൊടുപുഴയാവാനാണ് സാധ്യത. കൊവിഡിന് അനുസരിച്ചായിരിക്കും അത് തീരുമാനിക്കുക.

ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടോ ?

ഈ കഥ പാട്ടുകള്‍ ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടാവില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

Director Jeethu Joseph speaks about 12th Man and Ram Movie and Mohanlal

We use cookies to give you the best possible experience. Learn more