| Sunday, 31st December 2023, 11:43 am

പ്രേക്ഷകരെ പറ്റിക്കരുത്, അവരെ കളിയാക്കരുത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അവരാണ് കിങ് മേക്കേഴ്‌സെന്ന് ജീത്തു പറഞ്ഞു. ചില കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയാലും പ്രേക്ഷകര്‍ക്ക് കുഴപ്പമുണ്ടാവില്ലെന്നും പക്ഷേ അവരെ കളിയാക്കരുതെന്നും ജീത്തു ജോസഫ് പറഞ്ഞു. പ്രേക്ഷകരെ ബോധപൂര്‍വം പറ്റിക്കുന്നു എന്ന് തോന്നിയാല്‍ അവര്‍ നിഷ്‌കരുണം നമ്മെ എടുത്തെറിയുമെന്നും മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

‘പബ്ലിസിറ്റി എന്ന് പറയുന്നത് സിനിമയുടെ റിലീസ് തിയതി, പ്രധാന ആര്‍ട്ടിസ്റ്റുകള്‍, കഥാഗതി എന്നിവ പ്രേക്ഷകരെ അറിയിക്കുക എന്നത് മാത്രമാണ്. തിയേറ്ററില്‍ വന്ന് കണ്ടതിന് ശേഷം പ്രേക്ഷകരാണ് തീരുമാനിക്കുന്നത് സിനിമ നല്ലതാണോ ചീത്തയാണോ എന്ന്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണ്. അവരാണ് കിങ് മേക്കേഴ്‌സ്. നല്ല സിനിമകള്‍ ഇനിയും ചെയ്യാന്‍ ശ്രമിക്കും.

എന്നാല്‍ ചില കണക്കുകൂട്ടലുകള്‍ തെറ്റിപ്പോവാം. അതില്‍ പ്രേക്ഷകര്‍ക്ക് കുഴപ്പമില്ല. പക്ഷേ അവരെ കളിയാക്കരുത്. അവരെ പറ്റിക്കരുത്. ഒരു ശ്രമം നടത്തി, അത് വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ പ്രേക്ഷകരെ ബോധപൂര്‍വം പറ്റിക്കുന്നു എന്ന് തോന്നിയാല്‍ അവര്‍ നിഷ്‌കരുണം നമ്മെ എടുത്തെറിയും,’ ജീത്തു ജോസഫ് പറഞ്ഞു.

ഡിസംബര്‍ 21നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ നായകനായ ചിത്രം ഒരു മുഴുനീള കോര്‍ട്ട് റൂം ഡ്രാമയായിരുന്നു. ജീത്തു ജോസഫും ശാന്തി മായദേവിയും ചേര്‍ന്ന തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അനശ്വര രാജന്‍, സിദ്ദീഖ്, പ്രിയ മണി, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം സിനിമയ്‌ക്കെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ചിത്രം ഹോളിവുഡ് സിനിമയായ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 എന്ന സിനിമയുടെ പകര്‍പ്പാണെന്നാണ് ആരോപണം ഉയരുന്നത്. ചിത്രത്തിലെ ഒരു പ്രധാന സീനാണ് തെളിവായി പലരും പങ്കുവെക്കുന്നത്.

കണ്ണ് കാണാത്ത ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെടുകയും തുടര്‍ന്ന് അവളുടെ കൈകള്‍ ഉപയോഗിച്ച് പ്രതിയെ മനസിലാക്കാന്‍ ശ്രമിക്കുകയുമാണ് സ്‌കെച്ച് ആര്‍ട്ടിസ്റ്റിലെ നായിക. പിന്നീട് കോടതിയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്.

ഏകദേശം ഇതിനോട് സമാനമായ രീതിയില്‍ തന്നെയാണ് നേരിന്റെയും കഥ മുന്നോട്ട് പോവുന്നത്. നെറ്റിസണ്‍സാണ് ചിത്രവുമായി നേരിനുള്ള സാമ്യത ആദ്യം കണ്ടെത്തുന്നത്. സ്‌കെച്ച് ആര്‍ട്ടിസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണോ നേര് നിര്‍മിക്കപ്പെട്ടിട്ടുള്ളത്, അങ്ങനെയായിരുന്നെങ്കില്‍ ക്രെഡിറ്റ് കൊടുക്കേണ്ടതായിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Content Highlight: Director Jeethu Joseph says that as a filmmaker, he owes a lot to the audience

We use cookies to give you the best possible experience. Learn more