പ്രണവ് മോഹന്‍ലാലിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. എന്ത് കാര്യം ചെയ്താലും അത് പെര്‍ഫെക്ടാക്കാന്‍ പ്രണവ് ശ്രമിക്കുമെന്ന് ജീത്തു ജോസഫ് പറഞ്ഞു. ലൈഫ് ഓഫ് ജോസൂട്ടിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് ജോലി ചെയ്തത് ബുക്ക് എഴുതാന്‍ ആവശ്യമായ പണത്തിന് വേണ്ടിയാണെന്നും പ്രണവ് പറഞ്ഞു.
നേര് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീത്തു ജോസഫിനൊപ്പം മോഹന്‍ലാല്‍, സിദ്ദീഖ്, തിരക്കഥാകൃത്ത് ശാന്തി മായ ദേവി എന്നിവരും അഭിമുഖത്തിനെത്തിരുന്നു.
‘ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാര്‍ വായിക്കുന്ന സമയത്ത് മ്യൂസിക് ഡയറക്ടറിന്റെ കൂടെ വന്നിരുന്ന് അത് പഠിച്ചു. പെര്‍ഫെക്ഷന് വേണ്ടി എഫേര്‍ട്ട് ഇടുന്ന ആളാണ്. ഒരു ബുക്ക് എഴുതാന്‍ ആഗ്രഹമുണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു.
ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ട് ചെയ്യുന്ന സമയത്ത് അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എനിക്ക് ഒരു ബുക്ക് എഴുതണം അതിന് കുറച്ച് പൈസ വേണമെന്ന് എന്നോട് പറഞ്ഞു. ലാല്‍ സാറിനോട് ചോദിക്കാന്‍ മേലെയെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയല്ല, എനിക്ക് എന്റേതായ രീതിയില്‍ അധ്വാനിച്ച് പൈസ ഉണ്ടാക്കണമെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നി,’ ജീത്തു ജോസഫ് പറഞ്ഞു.
പ്രണവിനൊപ്പം ഉണ്ടായ ഒരു രസകരമായ അനുഭവത്തെ പറ്റി സിദ്ദീഖും സംസാരിച്ചു. ‘പല കാര്യങ്ങളെ പറ്റിയും നല്ല ധാരണയുള്ള ആളാണ് പ്രണവ്. നമ്മളോടും പല സംശയങ്ങളും ചോദിക്കാറുണ്ട്. ആദി ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഞാന്‍ പറഞ്ഞുതരാമെന്ന് ലെന പറഞ്ഞു. എന്നോട് ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കി. ഇക്ക ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ കാണുന്നത് എന്ന് എന്നോട് പറഞ്ഞു. അതില്‍ പലതും ശരിയാണെന്ന് എനിക്ക് തോന്നി.
അതുകഴിഞ്ഞ് ലെന പ്രണവിനോട് ചോദിക്കാന്‍ പോയി. അപ്പു നടന്നുപോവുമ്പോള്‍ ഒരു സ്ഥലത്ത് ഒരു മല കാണുന്നു, അപ്പോള്‍ അപ്പുവിന് എന്ത് തോന്നും എന്ന് ലെന ചോദിച്ച്. എന്ത് മല, എങ്ങനത്തെ മലയാണെന്ന് പറയൂ എന്ന് അപ്പു ചോദിച്ചു. ഞാനൊക്കെ പെട്ടെന്ന് ഉത്തരം പറഞ്ഞുപോയി. അപ്പു ഒരുപാട് ചോദ്യങ്ങള്‍ തിരിച്ച് ചോദിച്ചു. അവസാനം ഉത്തരം മുട്ടിയിട്ട് ലെന എഴുന്നേറ്റ് പോയി. അതാണ് അപ്പു,’ സിദ്ദീഖ് പറഞ്ഞു.
Content Highlight: Director Jeethu Joseph is talking about Pranav Mohanlal