| Thursday, 10th November 2022, 11:36 pm

ഓരോ പരിപാടിയിലും പ്രണവിനെ ഉള്‍പ്പെടുത്തി കൊണ്ടുവരാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്, എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ലത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലെ മികച്ച പെര്‍ഫോമന്‍സ് കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ പ്രണവ് മോഹന്‍ലാലിന് സാധിച്ചിരുന്നു. ചിത്രത്തില്‍ പ്രണവിനെ നന്നായി പ്ലേസ് ചെയ്യാന്‍ വിനീതിനും കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ ജീത്തു ജോസഫും പ്രണവിനെക്കുറിച്ച് പറയുകയാണ്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് ജീത്തു പറഞ്ഞത്. പ്രണവിനോട് തനിക്ക് ബഹുമാനമാണെന്നും അദ്ദേഹത്തെ എന്തെങ്കിലും പണി ഏല്‍പ്പിച്ചാല്‍ 100 ശതമാനവും സത്യസന്ധമായി അത് ചെയ്യുമെന്നും ജീത്തു പറഞ്ഞു.

”പ്രണവ് മോഹന്‍ലാല്‍ മിടുക്കനാണ്. അവന് ഒരു ജോലി ഏല്‍പ്പിച്ചാല്‍ വൃത്തി ആയിട്ട് അത് ചെയ്യും. അതായത് അവന്റെ കപ്പാസിറ്റിയില്‍ നിന്നു കൊണ്ട് വളരെ നന്നായി ചെയ്യും. ഭയങ്കര ഹാര്‍ഡ് വര്‍ക്കിങ്ങാണ്. പക്ഷെ ഓരോ പരിപാടിയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി കൊണ്ടുവരാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്.

100 ശതമാനവും സത്യസന്ധനായ വ്യക്തിയാണ്. എനിക്ക് ഭയങ്കര ഇഷ്ടവും ബഹുമാനുവുമുള്ള വ്യക്തിയാണ് പ്രണവ്. കാരണം മോഹന്‍ലാല്‍ എന്ന വലിയ സ്റ്റാറിന്റെ മകനായിട്ടും അദ്ദേഹം വളരെ സിമ്പിളായിട്ടാണ് ജീവിക്കുന്നത്. യാത്ര പോകുന്നതായാലും താമസിക്കുന്ന ഹോട്ടലായാലും സാധാരണക്കാരുടേത് പോലെയാണ്. അദ്ദേഹത്തിന് ആ ലൈഫ് സ്റ്റെലാണ് ഇഷ്ടം. എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടമാകുന്നത്,” ജീത്തു ജോസഫ് പറഞ്ഞു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദി. ജഗപതി ബാബു, ,സിദ്ദിഖ്, ലീന, അതിഥി രവി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. പ്രണവ് ആദ്യമായി അഭിനയിച്ച ചിത്രമാണ് ആദി.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് റാം. തൃഷ, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. റാം റിയലിസ്റ്റിക് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ആക്ഷന്‍ സിനിമയാണെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം കൂമനാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. ആസിഫ് അലി നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണ പരമ്പരയുടെ പിന്നാലെയാണ് ചിത്രത്തിന്റെ കഥ പോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്.

content highlight: director jeethu joseph about pranav mohanlal

We use cookies to give you the best possible experience. Learn more