ദൃശ്യത്തിന്റെ ആദ്യഭാഗത്ത് പൊലീസ് വേഷത്തില്‍ തിളങ്ങിയത് നടന്‍ ഷാജോണ്‍ ആയിരുന്നെങ്കില്‍ ദൃശ്യം 2 വിലെത്തിയപ്പോള്‍ പൊലീസ് കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് നടന്‍ മുരളി ഗോപിയായിരുന്നു. മികച്ച പ്രതികരണമാണ് ദൃശ്യത്തിലെ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിന്‍ ഐ.പി.എസ് എന്ന കഥാപാത്രത്തിന് ലഭിച്ചത്.
മുരളി ഗോപിയുടെ കഥാപാത്രത്തെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്നും എങ്ങനെയാണ് അതു മുരളി തന്നെ ചെയ്യണമെന്ന് തീരുമാനിക്കപ്പെടുന്നതുമെന്ന ചോദ്യത്തിന് ചിത്രത്തിന്റെ ചര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലേ അത് മനസ്സില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ജീത്തു ജോസഫ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ചിത്രത്തിലെ പല രംഗത്തും മുരളി സ്വന്തമായി ചില മാനറിസങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നുവെന്നും അതെല്ലാം അതിഗംഭീകരമായിരുന്നെന്നും ജീത്തു ജോസഫ് പറയുന്നു.
‘മുരളിയില്‍ ഒരു റൈറ്റര്‍ ഉണ്ട്. ഡയറക്ടറും ഉണ്ടാകാം. ഓരോ സീന്‍ എടുക്കുമ്പോഴും മുരളി പറയും , ‘ഞാന്‍ ഒരു ഡയലോഗ് ഇങ്ങനെ പറഞ്ഞോട്ടെ എന്ന്’, അതിനെന്താ പറഞ്ഞോളൂ എന്ന് ഞാനും പറയും. പെര്‍ഫോമന്‍സിന്റെ കാര്യത്തിലും ഇതേ രീതി തന്നെയായിരുന്നു. ജിത്തു ഞാനിങ്ങനെ ചെയ്താലോ, ഇങ്ങനെയൊരു മാനറിസം ഇട്ടാലോ എന്നൊക്കെ ചോദിക്കും.