|

ഒരുപാട് ടേക്ക് എടുത്തിട്ടും ആ നടന് ശരിയാക്കാന്‍ കഴിഞ്ഞില്ല; അതുകൊണ്ടാണ് പുതുമുഖങ്ങളെവെച്ച് സിനിമ ചെയ്യാത്തത്: ജിത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യാത്തതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. തനിക്ക് ക്ഷമക്കുറവുണ്ടെന്നും അഭിനയിക്കുന്നവര്‍ മോശമായാല്‍ താന്‍ പെട്ടെന്ന് അപ്സെറ്റ് ആകുമെന്നും ജീത്തു പറഞ്ഞു.

എങ്ങനെ ചെയ്യണമെന്ന് ആര്‍ക്കും അഭിനയിച്ച് കാണിക്കാറില്ലെന്നും കാരണം അത് തന്റെ മാത്രം ശൈലിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

”ഞാന്‍ ഒരിക്കലും അഭിനയിച്ച് കാണിച്ച് കൊടുത്തിട്ടില്ല. സന്ദര്‍ഭവും സീനും പറഞ്ഞ് കൊടുക്കും അവര്‍ അഭിനയിക്കും. കാരണം ചിലപ്പോള്‍ ഞാന്‍ കാണിക്കുന്നതിലും മുകളില്‍ അവര്‍ അഭിനയിക്കും. അതില്‍ നിന്നും താഴ്ന്ന പ്രകടനം ഉണ്ടാവുമ്പോള്‍ മാത്രമാണ് അവരോട് ഒന്നുകൂടെ മാറ്റി ചെയ്യാന്‍ പറയാറുള്ളു.

ലണ്ടനില്‍ വെച്ച് ഒരു അനുഭവം ഉണ്ടായിരുന്നു. ഒരു കഥാപാത്രത്തിന് പ്രത്യേക റിയാക്ഷന്‍ ഇടാന്‍ പറഞ്ഞപ്പോള്‍ ആ നടന്‍ അതിന് ചെറിയ ചിരിയോട് കൂടെയുള്ള റിയാക്ഷന്‍ ഇട്ടു. അതിന് ഞാന്‍ ഓക്കെ പറഞ്ഞു. പിന്നെ നമുക്ക് വേറെ രീതിയിലും കൂടെ ചെയ്ത് നോക്കാമെന്ന് അവരോട് പറഞ്ഞു.

ഒരുപാട് ടേക്ക് എടുത്തിട്ടും അത് ശരിയായില്ല. അവസാനം ഞാന്‍ ഒന്ന് കാണിച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹത്തിന് അത് പറ്റുന്നില്ല. കാരണം അത് എന്റെ രീതിയാണ്. സാരമില്ല നമുക്ക് മുമ്പ് എടുത്തത് വെച്ച് ഡെലിവറി ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ഭയങ്ക അപ്സെറ്റായി. എനിക്ക് അത് ചെയ്യാനായില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ അങ്ങനെ ചിന്തിക്കല്ലെയെന്ന് ഞാന്‍ പറഞ്ഞു.

പിന്നെ എനിക്ക് കുറച്ച് ക്ഷമക്കുറവുണ്ട്. അഭിനയിക്കുന്നത് മോശമായാല്‍ ഞാന്‍ ചെറുതായിട്ട് വിഷമിക്കും. അതുകൊണ്ടാണ് പുതിയ ആളുകളെ മാത്രം വെച്ചിട്ട് സിനിമ ചെയ്യാത്തത്. അതില്‍ എനിക്ക് ധൈര്യക്കുറവ് ഉണ്ട്. ക്ഷമ ഇല്ലാത്തതാണ് കാരണം. അവര്‍ക്ക് കുറേ ചെയ്താല്‍ ചിലപ്പോള്‍ ശരിയാകുമായിരിക്കും പക്ഷേ എനിക്ക് ക്ഷമക്കുറവുണ്ട്. കുറച്ചുകൂടെ അഭിനയിച്ച് പരിചയപ്പെട്ട ആളുകളാണെങ്കില്‍ എളുപ്പമായിരിക്കും ചെയ്യാന്‍,” ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം ആസിഫ് അലി നായകനായ കൂമനാണ് റിലീസായ ജീത്തുവിന്റെ പുതുയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആസിഫിന്റെ പ്രകടനത്തിനും വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന റാം ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള ജിത്തു ജോസഫ് ചിത്രം.

content highlight: director jeethu joseph about movie

Latest Stories