| Wednesday, 9th November 2022, 3:21 pm

ലാലേട്ടനെപ്പോലെ ഒരു സ്റ്റാറിനെ കൊണ്ട് ആരും ചെയ്യിക്കാത്ത ചില സിറ്റുവേഷന്‍സ് ഇതിലുണ്ട്, ഇടികൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്ന് പോകുന്ന ആക്ഷന്‍ സിനിമയല്ല റാം: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. തൃഷ, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. റാം റിയലിസ്റ്റിക് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ആക്ഷന്‍ സിനിമയാണെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ എന്ന സ്റ്റാറിനെ കൊണ്ട് അടുത്ത കാലത്ത് ആരും ചെയ്യിപ്പിക്കാത്ത കുറച്ച് സിറ്റുവേഷന്‍സ് റാമിലുണ്ടെന്ന് പറയുകയാണ് ജീത്തു. കഥാപാത്രം റിയല്‍ ആണെന്ന ഫീല്‍ കൊണ്ടുവരാനാണ് അത്തരം സിറ്റുവേഷന്‍സ് ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാം എന്ന സിനിമയെക്കുറിച്ച് ജീത്തു പറഞ്ഞത്.

”ഇപ്പോള്‍ ഒരു അവസരം കിട്ടിയതുകൊണ്ട് ഞാന്‍ റാമിനെക്കുറിച്ച് പറയുകയാണ്. റാം എന്ന് പറയുന്നത് ആക്ഷന്‍ മോഡിലുള്ള ഒരു സിനിമയാണ്. കുറച്ച് റിയലിസ്റ്റിക് ആക്ഷനാണ് അതിലുള്ളത്. ഇടിച്ച് കഴിയുമ്പോള്‍ സ്ലോ മോഷനില്‍ ഇടികൊണ്ട ആള്‍ പറന്ന് പോകുന്ന ആക്ഷന്‍ അല്ല.

ഫോറിന്‍ ഫൈറ്റ്‌സ് ഒക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ കഥാപാത്രം അങ്ങനെ ചെയ്യുമെന്നുള്ള ഫീല്‍ തോന്നുന്ന സീക്വന്‍സാണ് കാണിക്കുന്നത്. അതിന്റെ ഹീറോയിസം അതിലാണ്. റാം എന്ന കഥാപാത്രത്തിന്റെ ഇമോഷന്‍സ് എല്ലാം കാണിക്കുന്നുണ്ട്.

ലാലേട്ടന്‍ ഈ അടുത്ത കാലത്ത് ഒന്നും ചെയ്തിട്ടില്ലാത്ത കുറച്ച് സിറ്റുവേഷന്‍ ചിത്രത്തില്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് കാണുമ്പോള്‍ മനസിലാകും. ലാലേട്ടനെപ്പോലെ ഒരു സ്റ്റാറിനെ കൊണ്ട് അടുത്ത കാലത്ത് ആരും ചെയ്യിക്കാത്ത ചില സാധനങ്ങള്‍ റാമിന്റെ അകത്ത് വരുന്നുണ്ട്.

അതൊക്കെ ചേര്‍ത്ത് മാക്‌സിമം അയാള്‍ റിയല്‍ ആണെന്ന ഫീല്‍ ആളുകള്‍ക്ക് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വെറും ഒരു സാധാരണ മനുഷ്യനാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്ന റാം. അത് മനസിലാകാന്‍ വേണ്ടിയാണ് അത്തരം സിറ്റുവേഷന്‍സ് ഉള്‍പ്പെടുത്തിയത്.

ഇത് ഒരു ആക്ഷന്‍ സിനിമയാണ് അല്ലാതെ മിഷനും പോസിബിളും ഒന്നുമല്ല. അത്തരം മേഖലകളില്‍ വര്‍ക്ക് ചെയ്ത ചില ടെക്‌നീഷ്യന്‍സ് ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ അങ്ങനെ ചിലര്‍ പറഞ്ഞത്.

ഒരു ഭാഗത്ത് ഒതുക്കാന്‍ പറ്റുന്ന സിനിമയല്ല റാം. പണ്ട് മനസില്‍ വന്ന തോട്ട് വെച്ച് ഒരു കഥയായി പറയാന്‍ നോക്കിയപ്പോള്‍ അതിലേക്ക് ഒതുങ്ങുന്നില്ല. ഒതുക്കി ചെയ്യാന്‍ നോക്കിയപ്പോള്‍ ഒരു സുഖക്കുറവ് ഫീല്‍ ചെയ്തു. അങ്ങനെ ഇത് രണ്ട് ഭാഗമാക്കാമെന്ന സജഷന്‍ ഞാന്‍ ഇട്ടപ്പോള്‍ അവര്‍ അത് സ്വീകരിച്ചു. അങ്ങനെയാണ് റാം രണ്ട് ഭാഗമാക്കി ചെയ്യാമെന്ന് തീരുമാനിച്ചത്,”ജീത്തു ജോസഫ് പറഞ്ഞു.

ആസിഫ് അലി നായകനാകുന്ന കൂമനാണ് ജീത്തുവിന്റെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണ പരമ്പരയുടെ പിന്നാലെയാണ് ചിത്രത്തിന്റെ കഥ പോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്.

content highlight: director jeethu joseph about mohanlal’s upcomming his film ram

We use cookies to give you the best possible experience. Learn more