ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, നേര് തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമകളെല്ലാം മലയാളത്തില്‍ ഹിറ്റുകളാണ്.
ദൃശ്യം മലയാള സിനിമയിലുണ്ടാക്കിയ ഓളം ഇന്നും അടങ്ങിയിട്ടില്ല. ദൃശ്യത്തിന്റെ മൂന്നാം ഭാഗവും നിലവില്‍ അനൗണ്‍സ് ചെയ്തു കഴിഞ്ഞു.
മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ചില രീതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
മോഹന്‍ലാലിനൊപ്പം ഒന്നിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ രീതികള്‍ തനിക്കും താന്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിനും മനസിലാക്കാന്‍ എളുപ്പമാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
ഒപ്പം ട്വല്‍ത്ത് മാന്‍ എന്ന സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് മോഹന്‍ലാലിനുണ്ടായ ചില ആശങ്കകളെ കുറിച്ചുമൊക്കെ ജീത്തു ജോസഫ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ലാല്‍ സാറിനൊപ്പം ഒന്നിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ രീതികള്‍ എനിക്കും താന്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിനും മനസിലാക്കാന്‍ എളുപ്പമാണ്. മാനസികമായുള്ള പൊരുത്തവും വിശ്വാസവുമാണ് ഞങ്ങളുടെ സിനിമയ്ക്ക് പിന്നിലെ കരുത്ത്.
ട്വല്‍ത്ത് മാന്‍ ചെയ്യാന്‍ ഉറപ്പിച്ച ശേഷം ലാല്‍ സാര്‍ പറഞ്ഞത്, കഥ നടക്കുന്നത് ഒരു വീടിനകത്തും മുറിക്കുള്ളിലുമായതിനാല്‍ റിസ്‌ക്കുണ്ടെന്നും നിങ്ങളത് നന്നായി ചിത്രീകരിക്കുമെന്ന വിശ്വാസത്തിലാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നുമാണ്. അതൊരു വിശ്വാസമാണ്.
ദൃശ്യത്തിന്റെ കാര്യമെടുത്താല്‍ കോവിഡ് കാലമായതിനാല്‍ തിരക്കഥ അയച്ചുകൊടുത്തതിന് ശേഷം വീഡിയോ കോളിലായിരുന്നു ചര്‍ച്ചകള്‍ അധികവും.
കഥയിലെ ചില ഭാഗങ്ങളില്‍ അദ്ദേഹം സംശയങ്ങള്‍ ഉന്നയിച്ചു. പരസ്പരം സംസാരിച്ച് അതിലെല്ലാം വ്യക്തത വരുത്തി. അതുപോലെ നേര് എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു.
കോടതി വ്യവഹാരങ്ങള്‍ ഏറെയുള്ള രംഗങ്ങളുള്ളതിനാല്‍ അതിനെ കുറിച്ചെല്ലാം സ്വാഭാവികമായി ഉയരുന്ന സംശയങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഞങ്ങള്‍ തമ്മില്‍ ദീര്‍ഘമായ സംസാരങ്ങള്‍ തന്നെ നടന്നു.
ലാല്‍ സാര്‍ ചില രംഗങ്ങളില്‍ ഇത്തരത്തില്‍ പെരുമാറിയേക്കാമെന്ന് എനിക്കുമൊരു ധാരണയുണ്ട്. അതെല്ലാം ഒരുപാട് ദിവസങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ രൂപപ്പെടുന്ന അറിവും അടുപ്പവുമാണ്.
പരസ്പര വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. ലാല്‍ സാര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തേണ്ട് എന്റെ കടമയാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Director Jeethu Joseph about Mohanlal and his Concern