| Friday, 17th March 2023, 10:50 pm

ഹിറ്റുകള്‍ ഉണ്ടാക്കുക എന്നതല്ല എന്റെ ലക്ഷ്യം; നിങ്ങള്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് പലരും ചോദിച്ചു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ ചെയ്യുമ്പോള്‍ തനിക്ക് ഒരുപാട് പ്രഷര്‍ വരാറുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. പല ഴോണറിലുള്ള സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഒപ്പം നിര്‍മാതാവിന് നഷ്ടം വരാതിരിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ കോടി ക്ലബ്ബുകളില്‍ കയറ്റുകയല്ല തന്റെ ലക്ഷ്യമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യവും മെമ്മറീസും കഴിഞ്ഞ് ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമ ചെയ്യുമ്പോള്‍ ഉറപ്പായും ആ സിനിമ പരാജയപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അത് നല്ല സിനിമയാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

‘സിനിമ ചെയ്യുമ്പോള്‍ എനിക്ക് പ്രഷര്‍ വരാറുണ്ട്. കാരണം ആളുകള്‍ പലതും പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആ പ്രഷര്‍ ഒരു പരിധി വരെ എന്നെ ബാധിക്കാറില്ല. എന്റെ ലക്ഷ്യം ഹിറ്റുകള്‍ ഉണ്ടാക്കുക എന്നതല്ല. ഇത്ര കോടി ക്ലബ്ബുകളില്‍ കയറ്റുക എന്നതുമല്ല. നല്ല സിനിമ ചെയ്യുക കൂടെ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാന്‍ പാടില്ല. ഇതാണ് എന്റെ കണ്‍സേണ്‍.

ഒരാള്‍ നമ്മളെ വിശ്വസിച്ച് പൈസ മുടക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടം വരാന്‍ പാടില്ല. അത് ഞാന്‍ കൃത്യമായി നോക്കും. ദൃശ്യം ഞാന്‍ പ്രതീക്ഷിക്കാതെ കയറിപ്പോയ സിനിമയാണ്. ആ സമയത്ത് തന്നെ എന്റെ കയ്യില്‍ ലൈഫ് ഓഫ് ജോസൂട്ടിയുടെ കഥയുണ്ട്.

ഏതോ ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞു, എന്നെ തേടി ഒരു പരാജയം വരാനിരിക്കുന്നുണ്ടെന്ന്. അപ്പോള്‍ ആരോ പറഞ്ഞു നിങ്ങള്‍ക്ക് എന്താ കോണ്‍ഫിഡന്‍സ് ഇല്ലേ , നിങ്ങള്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന്. അടുത്തത് ചെയ്യാന്‍ പോകുന്നത് തീര്‍ത്തും വേറെ ഴോണര്‍ പടമാണ് എന്ന് ഞാന്‍ പറഞ്ഞു.

ആ സമയത്ത് എനിക്ക് വേണമെങ്കില്‍ പേടിച്ച് മാറി നില്‍ക്കാമായിരുന്നു. കാരണം ദൃശ്യവും മെമ്മറീസും അടുപ്പിച്ചടുപ്പിച്ച് വന്നു ലൈഫ് ഓഫ് ജോസൂട്ടി നല്ല സിനിമ ആണെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. പക്ഷേ രണ്ട് സിനിമ അടുപ്പിച്ച് വന്നതുകൊണ്ടാകാം ലൈഫ് ഓഫ് ജോസൂട്ടി ആളുകള്‍ക്ക് ഇഷ്ടമാവാഞ്ഞത്.

അതുപോലെയാണ് പണ്ട് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയെന്ന കൊച്ച് കോമഡി സിനിമ ഞാന്‍ ചെയ്തത്. ഞാന്‍ വളരെ എന്‍ജോയ് ചെയ്താണ് ആ സിനിമ ചെയ്തത്. ആ പടവും നന്നായി വന്നില്ല, അതില്‍ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. കാരണം എനിക്കൊരു ചേഞ്ചായിരുന്നു ആ സിനിമകള്‍. ത്രില്ലര്‍ മാത്രം ചെയ്തയിടത്ത് ചെറിയ ബജറ്റില്‍ കോമഡി സിനിമ ചെയ്തപ്പോള്‍ ഞാന്‍ ഹാപ്പിയായിരുന്നു,” ജീത്തു ജോസഫ് പറഞ്ഞു.

content highlight: director jeethu joseph about his movies

We use cookies to give you the best possible experience. Learn more