വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല, സിനിമയില്‍ ലോജിക്ക് നോക്കേണ്ട ആവശ്യം ഇല്ല: ജീത്തു ജോസഫ്
Entertainment news
വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല, സിനിമയില്‍ ലോജിക്ക് നോക്കേണ്ട ആവശ്യം ഇല്ല: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st November 2022, 7:46 am

ത്രില്ലര്‍ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകനാണ് ജീത്തു ജോസഫ് ഡിക്ടറ്റീവ് എന്ന ചിത്രമാണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം പ്രേക്ഷകര്‍ കൂടുതലും ജീത്തു ജോസഫില്‍ നിന്നും പ്രതീക്ഷിക്കുന്നത് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളാണ്.

സിനിമകളില്‍ ലോജിക്കില്ല എന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജീത്തു. വിമര്‍ശനങ്ങള്‍ എല്ലാം താന്‍ നോക്കാറുണ്ടെന്നും സിനിമയില്‍ ലോജിക്ക് ഇല്ല എന്ന് പറഞ്ഞുള്ള വിമര്‍ശനങ്ങള്‍ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ഇരിക്കുന്ന സമയം പ്രേക്ഷകരെ എന്‍ജോയ് ചെയ്യിപ്പിക്കാന്‍ മാത്രമേ താന്‍ നോക്കാറുള്ളുവെന്നും സിനിമയില്‍ ലോജിക്ക് നോക്കാറില്ലെന്നും റെഡ് എഫ്മ്മിനോട് ജീത്തു പറഞ്ഞു.

”വിമര്‍ശനങ്ങളെല്ലാം ഞാന്‍ ചുമ്മാ ഓടിച്ച് നോക്കും. ചിലര്‍ പറയുന്ന ലോജിക്ക് ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. സിനിമയെ സിനിമയായി കാണണം. ഞാന്‍ ഒത്തിരി ലോജിക്ക് നോക്കാറുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കുറച്ചതാണ്. സിനിമക്ക് ലോജിക്ക് നോക്കണ്ട ആവശ്യം ഒന്നുമില്ല. അത് കാരണം ആള്‍ക്കാര്‍ക്ക് വാശിയാണ് ലോജിക്ക് വേണം എന്നൊക്കെ പറഞ്ഞിട്ട്.

തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആ സിനിമ നിങ്ങളെ എന്‍ഗേജ് ചെയ്‌തോ എന്ന് മാത്രം നോക്കിയാല്‍ മതി. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മനസിലാകാതെ വീട്ടില്‍ പോയി ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആള്‍ക്കാരെ എന്‍ഗേജ് ചെയ്യിക്കുക എന്ന ആങ്കിളിലാണ് ഞാന്‍ പോകുന്നത്.

പറയുന്ന വിമര്‍ശനങ്ങളില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ ഞാന്‍ എടുക്കും ഇല്ലെങ്കില്‍ മൈന്‍ഡ് ചെയ്യാന്‍ പോകാറില്ല. അങ്ങനെ നോക്കി കാണുകയാണെങ്കില്‍ നൂറ് പേര് സിനിമ കാണുമ്പോള്‍ നൂറ് അഭിപ്രായം പറയില്ലേ. അങ്ങനെ എല്ലാവരുടേയും അഭിപ്രായം നോക്കിയാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല.

ഞാന്‍ ലൈഫ് ഓഫ് ജോസൂട്ടി ചെയ്തപ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞു അതില്‍ എന്തെങ്കിലും ത്രില്ലിങ്ങ് എലമെന്റ്‌സ് ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നു. ചേട്ടന്‍ ഇനി അതുപോലുള്ള സിനിമകള്‍ ചെയ്യേണ്ട എന്നൊക്കെ. ഞാന്‍ പറഞ്ഞു എനിക്ക് ഇനിയും ഇങ്ങനത്തെ പടം ചെയ്യണമെന്ന്. ത്രില്ലര്‍ അല്ലാത്ത വേറെ സിനിമകള്‍ ചെയ്യാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.

ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ പുതിയ സിനിമ. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ കഥപോകുന്നത്. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിന് റിലീസ് ചെയ്യും.

content highlight: director jeethu joseph about film criticism